കുട്ടിയായിരിക്കുമ്പോൾ കയ്യിൽകിട്ടുന്നതൊക്കെ ശേഖരിച്ചു വച്ചിരുന്നവരാവും നമ്മളിൽ പലരും അല്ലെ. അങ്ങനെ വ്യത്യസ്തമായൊരു ശേഖരം കൊണ്ട് ശ്രദ്ദേയയായൊരു കൊച്ചു മിടുക്കി ഉണ്ട് മലപ്പുറം കരുവാരക്കുണ്ടിൽ. പുതിയ ഇരുപതു രൂപ നോട്ടുകൾ മാത്രം ശേഖരിച്ചു ലക്ഷാതിപതിയായ 9 വയസ്സുകാരി ഫാത്തിമ നഷ്വ.
ഇത് ഈ കുഞ്ഞു മിടുക്കിയുടെ രണ്ടര വർഷത്തെ സമ്പാദ്യമാണ്. എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ നഷ്വ ലക്ഷപ്രഭുവായി. തുവ്വൂരിലെ ഓട്ടോ ഡ്രൈവറായ എറിയാട്ടു കുഴിയിൽ ഇബ്രാഹിമിന്റെ മകളാണ് ഫാത്തിമ നഷ്വ. ദിവസവും ഓട്ടോ ഓടിച്ച് വൈകിട്ട് തിരികെ എത്തുന്ന ഇബ്രാഹിം പേഴ്സും മൊബൈൽഫോണും മേശപ്പുറത്ത് വയ്ക്കും. ഇതിൽ നിന്നും നിഷ്വ സ്ഥിരമായി 20 രൂപ എടുക്കുമായിരുന്നു. മകൾ പണം എടുക്കുന്ന കാര്യം പിതാവിന് അറിയാമായിരുന്നെങ്കിലും അതു വെറും 20 രൂപയാണെന്ന് അറിയില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇബ്രാഹിമിന്റെ സുഹൃത്ത് വീട്ടിൽ വന്നപ്പോഴാണ് നഷ്വയുടെ സമ്പാദ്യം സംസാര വിഷയമായത്. തുടർന്ന് എണ്ണി നോക്കി.
വീടുപണിക്കെടുത്ത കടം ഇനിയും ബാക്കിയാണ് ഈ കുടുംബത്തിന്. ശേഖരിച്ച തുക പിതാവിന്റെ കടബാധ്യത തീർക്കാൻ ഉപയോഗിക്കുമെന്ന് നഷ്വ. സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ചികിത്സാ ചെലവിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് നൽകാനും മറന്നില്ല ഈ കുഞ്ഞു മിടുക്കി. തുവ്വൂർ മുണ്ടക്കോട് ജി എം എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് നഷ്വ.