- 1

മഞ്ഞപ്പിത്തത്തിനും എച്ച് വണ്‍ എന്‍ വണ്ണിനും പിന്നാലെ മലപ്പുറത്ത് ആശങ്കയായി മലമ്പനിയും. പൊന്നാനി കുട്ടിക്കാട് മേഖലയില്‍ രണ്ട് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. പ്രദേശത്ത് നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

 

കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മലയോര മേഖലയിലും തീരപ്രദേശത്തുമടക്കം മലമ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിമുറുക്കുകയാണ്. 

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria) ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ്  രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യൻറെ രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് വിഭാഗത്തില്‍ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. 

വിറയലോട് കൂടിയ പനി, കുളിര്, തലവേദന, മേലുവേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. മലപ്പുറത്ത് പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് മലമ്പനി സ്ഥിരീകരിച്ചത്. തുടർന്ന് പ്രദേശത്ത്  1200 പേരുടെ രക്ത സാമ്പിള്‍ പരിശോധിച്ചതില്‍ രണ്ടുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ നാലു പേരടങ്ങുന്ന പത്ത് സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവല്‍ക്കരണം നടത്തുന്നുണ്ട്.  

100 ആരോഗ്യ പ്രവർത്തകരെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്ത പരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹ സന്ദർശന രക്ത പരിശോധനയിൽ പങ്കാളിയാവണമെന്നും ഡിഎംഒ അറിയിച്ചു. 

ENGLISH SUMMARY:

malaria in Malappuram; Health department wants to be careful