വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നിലമ്പൂരിലെ കനോലിപ്ലോട്ടിനോട് അവഗണന തുടരുന്നു. 2019 ലെ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്‍റെ പുനര്‍നിര്‍മാണം പ്രാരംഭഘട്ടത്തില്‍ ഒതുങ്ങി. നിരാശരായി മടങ്ങുകയാണ് തേക്കിന്‍കാട് കാണാനെത്തുന്ന സഞ്ചാരികള്‍. ഇതോടെ വിനോദസഞ്ചാര മേഖലയില്‍ ഓരോ വര്‍ഷവും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ലോകത്തിലെ ആദ്യത്തെ മനുഷ്യ നിര്‍മിത തേക്ക് തോട്ടം. സഞ്ചാരികളെ കാത്ത് മറ്റൊരു കൗതുകവും ഇവിടെയുണ്ട്. ചാലിയാറിന് മറുകരയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തേക്ക് മുത്തശി. 2019 വരെ സഞ്ചാരികള്‍ക്ക് തൂക്കുപാലത്തിലൂടെ തേക്ക് തോട്ടത്തില്‍ എത്താമായിരുന്നു. പ്രളയത്തില്‍ തൂക്കുപാലം ഒലിച്ചുപോയി. പകരം പാലം നിര്‍മാണം ഉടന്‍ ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് പ്രഖ്യാപിച്ച പാലത്തിന്‍റെ നിലവിലെ അവസ്ഥയൊന്നു കാണാം.
സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിനായിരുന്നു നിര്‍മ്മാണ ചുമതല. രണ്ടര കോടി രൂപക്കാണ് ടെന്‍ണ്ടര്‍ നല്‍കിയിരുന്നത്. സർക്കാർ ഫണ്ട് നൽകാതെ വന്നതോടെ നിര്‍മാണം നിലച്ചു. വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതോടെ വനം വകുപ്പിന് ടിക്കറ്റിനത്തില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.