അട്ടപ്പാടി പരപ്പന്തറയില് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കര്ഷകന് മുരുകേശന്റെ ഭവാനിപ്പുഴയോരത്തെ ഏഴ് ഏക്കറിലധികം കൃഷിയാണ് കാട്ടാനക്കൂട്ടം നിലം പരിശാക്കിയത്. കാട്ടാനപ്പേടിയില്‍ പൊറുതി മുട്ടി കുടുംബം തമിഴ്നാട്ടിലേക്ക് മാറിയതായി മുരുകേശന് പറഞ്ഞു.
അഞ്ച് വര്‍ഷത്തിലേറെ പ്രായമുള്ള നൂറിലേറെ കവുങ്ങും തെങ്ങും കാട്ടാനക്കൂട്ടം നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ വാഴയും കപ്പയും തരിപ്പണമാക്കി. നശിപ്പിച്ച വിളകൾക്ക് പകരം നട്ടതെല്ലാം പിന്നെയും തിന്നു തീർത്ത സ്ഥിതിയാണ്. നേരത്തെ വീടും തൊഴുത്തും ഉൾപ്പടെ ആനക്കൂട്ടം തകർത്തിരുന്നു. പൊറുതിമുട്ടി കുടുംബം തമിഴ്നാട്ടിലേക്ക് മാറിയതായി കർഷകൻ.
കാടിറങ്ങി രാത്രി പുഴയിലെത്തുന്ന ആനക്കൂട്ടം നേരെ മുരുകേശന്റെ കൃഷിയിടത്തിലേക്കാണ് കടക്കുന്നത്. ഈ ഭാഗത്ത് സോളർ വേലി സ്ഥാപിക്കണമെന്ന ആവശ്യം വനം വകുപ്പ് അംഗീകരിച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി. കൃഷിനാശത്തിന് കാര്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.