പ്രളയത്തില്‍ തകര്‍ന്ന അട്ടപ്പാടിയിലെ സാമ്പാര്‍കോട് പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. ശിരുവാണിപ്പുഴയ്ക്ക് കുറുകെ മുളപ്പാലത്തിലൂടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സാഹസികമായാണ് ഇരുകര കടക്കുന്നത്. പലഘട്ടങ്ങളില്‍ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് നൂറിലേറെ കുടുംബങ്ങളെ സര്‍ക്കാര്‍ ചുറ്റിക്കുന്നത്.
2018 ലെ പ്രളയം സാമ്പാര്‍കോഡ് ഊരുകാര്‍ക്കുണ്ടാക്കിയ നഷ്ടങ്ങളേറെയൊണ്. ഇതില്‍ ഏറ്റവും പ്രതിസന്ധിയുണ്ടാക്കിയത് ശിരുവാണിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ തകര്‍ച്ചയായിരുന്നു. യാത്രാസൗകര്യം പൂര്‍ണമായും നഷ്ടപ്പെട്ടു. കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് ഊരിലെത്താമെന്ന് കരുതിയാല്‍ ആനക്കൂട്ടത്തെ പേടിച്ച് വേണം യാത്ര. ഇന്നോ നാളെയോ പരിഹാരമുണ്ടാവുമെന്ന് കരുതിയെങ്കിലും നിരാശ തുടര്‍ന്നു. സ്കൂള്‍ തുറന്നിട്ടും അപകടപ്പാലം സ്മാരകമായി തുടരുകയാണ്.
സാമ്പാര്‍കോടിലെ കുടുംബങ്ങള്‍ക്ക് അഗളിയില്‍ വേഗത്തിലെത്താനുള്ള ഒരേയൊരു വഴിയാണ് ആറ് വര്‍ഷമായി നൂല്‍പ്പാലമായി തുടരുന്നത്. സ്കൂളും ആശുപത്രിയും ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുളവാരി നിരത്തിയ താല്‍ക്കാലിക നടപ്പാലം മാത്രമാണ് ആശ്രയം. പ്രളയം പാലത്തിന്റെ അസ്ഥിവാരം തകര്‍ക്കുന്നത് വരെ ചെറുവാഹനങ്ങള്‍ ഊരിലെത്തിയിരുന്നു. വേനലിൽ പുഴയിലൂടെ നടന്നാണ് കുടുംബങ്ങളുടെ യാത്ര. രാവിലെയും വൈകുന്നേരവും കുട്ടികളെ പാലം കടത്താൻ രക്ഷിതാക്കൾ ഊഴമായി കാത്തിരിക്കുന്ന സ്ഥിതിയാണ്.