ഷൊർണൂർ കുളപ്പുള്ളിയിൽ വധുവും വരനും ഉൾപ്പടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150 ലേറ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധ. കുളപ്പുള്ളി ടൗണിനു സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ഇതര ജില്ലക്കാർ ഉൾപ്പെടെയുള്ളവർക്കാണു ദേഹാസ്വാസ്ഥ്യം.
ഞായറാഴ്ച വൈകിട്ടായിരുന്നു കുളപ്പുള്ളി സ്വദേശിയായ യുവാവിന്റെയും പാലക്കാട് പിരായിരി സ്വദേശിനിയായ യുവതിയുടെയും വിവാഹ സൽക്കാരം. ഭക്ഷണം കഴിച്ച പലർക്കും പിന്നീട് ഛർദിയും വയറിളക്കവും പോലുള്ള പ്രശ്നങ്ങൾ തുടങ്ങിയെങ്കിലും എല്ലാവരും പകർച്ചവ്യാധിയാണെന്നു കരുതി ചികിത്സ തേടുകയായിരുന്നു. പിന്നീടു കഴിഞ്ഞ ദിവസമാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു തിരിച്ചറിഞ്ഞത്. നവദമ്പതികൾ പനിയും ഛർദ്ദിയുമായി വിശ്രമത്തിലാണ്.
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത നാട്ടുകാർക്കു പുറമേ ബന്ധുക്കളും സുഹൃത്തുക്കളുമായ കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ സ്വദേശികൾക്കാണു ദേഹാസ്വാസ്ഥ്യം. നാൽപതിലേറെ പേർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയതായാണു വിവരം. സല്‍ക്കാരത്തിന് ഭക്ഷണം എത്തിച്ച കാറ്ററിങ് സ്ഥാപനത്തിൽ ഷൊർണൂർ നഗരസഭയിലെയും ഓങ്ങല്ലൂർ പഞ്ചായത്തിലെയും ആരോഗ്യ വിഭാഗങ്ങൾ പരിശോധന നടത്തി. വിശദമായ പരിശോധനകൾക്കു ശേഷം സ്ഥാപനത്തിനെതിരെ കർശന നടപടിയെടുക്കുമെന്നു നഗരസഭ അധികൃതർ അറിയിച്ചു.