മഴ കനക്കും മുന്‍പ് പുതിയ പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മറന്നതാണ് പാലക്കാട് കാവശ്ശേരി പത്തനാപുരത്തുകാരെ ചുറ്റിക്കുന്നത്. പഴയ പാലം പൊളിച്ച് താല്‍ക്കാലിക നടപ്പാലമൊരുക്കിയെങ്കിലും രണ്ടും ഗായത്രിപ്പുഴയെടുത്തു. ദ്വീപിന് നടുവിലെന്ന പോലെയാണ് നിരവധി കുടുംബങ്ങള്‍ കഴിയുന്നത്.
ഗായത്രി പുഴയ്ക്ക് കുറുകെ പുത്തന്‍പാലം. അതും മഴയെത്തും മുന്‍പ്. പത്തനാപുരത്തുകാര്‍ക്ക് ആലത്തൂരിലേക്ക് വേഗത്തിലെത്താനുള്ള സൗകര്യം. ഗായത്രിപ്പുഴയുടെ ഒഴുക്കിനെക്കാള്‍ ശക്തിയിലായിരുന്നു വാഗ്ദാനം. കനത്തമഴയില്‍ പുഴയിലെ ഒഴുക്ക് കൂടിയതോടെ നിര്‍മാണ ജോലികള്‍ നിര്‍ത്തി.
പതിനാല് കിലോമീറ്ററിലധികം ചുറ്റി പത്തനാപുരത്തുകാര്‍ക്ക് ആലത്തൂരിലെത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇരുകരകളെയും ബന്ധിപ്പിച്ച് നടപ്പാലമുണ്ടാക്കി. മഴ കനത്തതോടെ മണ്ണിളകി താല്‍ക്കാലിക പാലം തകര്‍ന്നു. പിന്നീട് ഇരുമ്പ് പാളത്തില്‍ തീര്‍ത്ത പാലത്തിനും ആയുസ് നാമമാത്രം. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏറെനാള്‍ യാത്രാദുരിതം അനുഭവിക്കേണ്ടിവരും.
മഴ മാറാതെ താല്‍ക്കാലിക പാലത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. പുതിയ പാലത്തിന്‍റെ പണികളും പുനരാംരംഭിക്കാനാവില്ല. കൈത്തോടും, പുഴയുടെ കൈവഴികളും ഗായത്രിപ്പുഴയിലേക്ക് നീളുമ്പോള്‍ ലക്ഷ്യസ്ഥാനം പിടിക്കാന്‍ 1500ലേറെ കുടുംബങ്ങള്‍ ചുറ്റിസഞ്ചരിക്കാന്‍ നിര്‍ബന്ധിതരാവും.