kalladikodu-elephant

TOPICS COVERED

വനാതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങാതെ നിലയുറപ്പിച്ചുള്ള ഒറ്റയാനും, ആനക്കൂട്ടവും ഒരാഴ്ചയ്ക്കിടെ പാലക്കാട് മീന്‍വല്ലത്ത് നശിപ്പിച്ചത് ഹെക്ടര്‍ കണക്കിന് കൃഷി. പതിമൂന്ന് കര്‍ഷകര്‍ പരിപാലിച്ചിരുന്ന തെങ്ങും, കവുങ്ങും, വാഴയും, മരച്ചീനിയുമെല്ലാം ആന തരിപ്പണമാക്കി. ആനയുടെ സാന്നിധ്യം പതിവാകുന്ന ജനവാസമേഖലയില്‍ രാത്രിയില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയുണ്ടാവുമെന്ന് വനംവകുപ്പ്. 

വൈദ്യുതി വേലി തകര്‍ത്താണ് ആനക്കൂട്ടത്തിന്റെ കൃഷിയിടത്തിലേക്കുള്ള വരവ്. മൂന്നേക്കറില്‍ വീടുകളോട് ചേര്‍ന്നുള്ള കൃഷിയിടം പൂര്‍ണമായും ഉപയോഗശൂന്യമാക്കി. തെങ്ങും, കവുങ്ങും, വാഴയും, മരച്ചീനിയും, ചേമ്പ് ഉള്‍പ്പെടെയുള്ള വിളകളും നശിപ്പിച്ചു. ആനക്കൂട്ടം തച്ച് കകര്‍ത്ത് വനാതിര്‍ത്തിയിലേക്ക് പിന്മാറും. മറ്റ് വഴികളിലൂടെ പിന്നാലെയിറങ്ങുന്ന ഒറ്റയാനാണ് നഷ്ടത്തിന്റെ തോതുയര്‍ത്തുന്നത്. വര്‍ഷങ്ങളുടെ ശ്രമഫലമായി പരിപാലിച്ചിരുന്ന വിളകള്‍ ചവിട്ടിയരച്ചു. തെങ്ങുകളുടെ കൂമ്പ് തകര്‍ത്ത് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടി.

വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും സംയുക്തമായി യോഗം ചേര്‍ന്ന് ആനയെ തുരത്തുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ജനവാസമേഖലയില്‍ പതിവാകുന്ന കൊമ്പനെ മയക്കുവെടിയുതിര്‍ത്ത് മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ ഇക്കാര്യം പ്രായോഗികമല്ലെന്നും രാത്രിയില്‍ ഉള്‍പ്പെടെ ആര്‍ആര്‍ടി സംഘം മൂന്നേക്കറിലുണ്ടാവുമെന്നും വനംവകുപ്പ്. കര്‍ഷകരുടെ വിളനാശത്തിന്റെ തോത് കണക്കാക്കിയിട്ടുണ്ടെന്നും വേഗത്തില്‍ തുക കൈമാറുമെന്നും മണ്ണാര്‍ക്കാട് ഡിഎഫ്ഒ അറിയിച്ചു.

ENGLISH SUMMARY:

A single elephant and a herd of elephants do not retreat from the forest border; Hectares of crops were destroyed