tree

TOPICS COVERED

ഒറ്റപ്പാലത്ത് കാറ്റിലും മഴയിലും മരം വീണ് സ്കൂട്ടർ യാത്രക്കാരനു പരുക്ക്. ചെര്‍പ്പുളശ്ശേരി റോഡിലെ വീട്ടാമ്പാറയ്ക്കു സമീപം തേക്ക് കടപുഴകി വീണ് വരോട് അത്താണി സ്വദേശി റൂഷിലിനാണു പരുക്കേറ്റത്. അതേസമയം പാലക്കാട് കുളപ്പുള്ളി പാതയിൽ കണ്ണിയംപുറത്തു വീണ മരത്തിനടിയിൽ നിന്ന് വഴിയോരക്കച്ചവടക്കാരൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.

രാവിലെ പതിനൊന്നേമുക്കാലോടെ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റിലാണ് രണ്ടിടത്തും മരങ്ങൾ കടപുഴകിയത്. വരോട് അത്താണിയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ നഗരസഭാ ഓഫിസിലേക്കു പോകുന്നതിനിടെയാണ് റൂഷിലിന്റെ ദേഹത്തേക്കു മരം വീണത്. നെറ്റിയിലും മുതുകിലും പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം ചെർപ്പുളശ്ശേരി പാതയിൽ അരമണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു. 

കണ്ണിയംപുറത്ത് റോഡിനു കുറുകെ വീണ മരത്തിനടിയില്‍പ്പെടാതെ വഴിയോരക്കച്ചവടക്കാൻ ആലത്തൂർ സ്വദേശി രഞ്ജിത്ത് നിമിഷങ്ങളുടെ വ്യത്യാസത്തിലാണു രക്ഷപ്പെട്ടത്. മഴ നനയാതിരാക്കാൻ രഞ്ജിത്ത് മാറി നിന്നതിനു തൊട്ടുപിന്നാലെയാണു മരം വീണത്. ഇതോടെ പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒറ്റപ്പാലം പൊലീസും നാട്ടുകാരും ഷൊർണൂരിൽ നിന്നെത്തിയ അഗ്നിശമനസേനയും ചേർന്ന് ഏറെ ശ്രമകരമായാണു മരം മുറിച്ചു മാറ്റി ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിച്ചത്. കോങ്ങാട്, മണ്ണാര്‍ക്കാട്, മുണ്ടൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ കാറ്റാണ് വീശിയത്.