പാലക്കാട് അയിലൂരില്‍ ഏക്കര്‍ കണക്കിന് കൃഷിയിടം തരിപ്പണമാക്കി കാട്ടാനക്കൂട്ടം. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി ഏഴ് കര്‍ഷകരുടെ മാസങ്ങളായുള്ള അധ്വാനമാണ് ആനക്കൂട്ടം നിമിഷ നേരം കൊണ്ട് തകര്‍ത്തത്. വനംവകുപ്പിന്റെ സോളാര്‍ വേലിയുള്‍പ്പെടെയുള്ള പ്രതിരോധം മറികടന്നാണ് ആനക്കൂട്ടത്തിന്റെ വരവ്.
മഴ കനത്താല്‍ ആനക്കൂട്ടം കാട് വിട്ട് നാട്ടിലേക്കിറങ്ങില്ലെന്ന പതിവ് തെറ്റുകയാണ്. കാലാവസ്ഥ എന്തായാലും കര്‍ഷകന്‍ കരുതിവയ്ക്കുന്നതെല്ലാം തച്ചുടയ്ക്കുന്ന സ്ഥിതി. മരുതഞ്ചേരി, ചള്ള, നെല്ലിക്കാട്, പൂഞ്ചേരി, വടക്കൻ ചിറ, പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കിയത്. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങി ലക്ഷങ്ങള്‍ മൂല്യമുള്ള വിളകളാണ് നശിപ്പിച്ചത്. ഓണക്കാലത്തേക്ക് വിളവെടുപ്പ് ലക്ഷ്യമിട്ടിരുന്ന വാഴ നഷ്ടപ്പെട്ടത് ഇരട്ടി ആഘാതമായി.
വനമേഖലയിലെ സൗരോർജ വേലി തകർത്താണ് കാട്ടാനക്കൂട്ടം വീണ്ടും കൃഷിയിടം തേടിയിറങ്ങുന്നത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ സോളര്‍ വേലി മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാത്തതും കാട്ടാനക്കൂട്ടത്തിന്റെ വരവിന് വേഗത കൂട്ടുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. ഈമേഖലയില്‍ രണ്ട് കോടിയിലധികം രൂപ ചെലവില്‍ ലക്ഷ്യമിട്ട സോളര്‍ തൂക്കുവേലി പ്രതിരോധവും പൂര്‍ത്തിയാക്കാനായില്ല. തിരുവാഴിയോട് വനപാലകസംഘം സ്ഥലത്തെത്തി നഷ്ടം രേഖപ്പെടുത്തി. രാത്രികാലങ്ങളില്‍ കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങാതിരിക്കാന്‍ കൂടുതല്‍ പരിശോധന ഏര്‍പ്പെടുത്തുമെന്നും കര്‍ഷകരെ അറിയിച്ചു.