ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പാലക്കാട് നെല്ലിയാമ്പതി ചുരം റോഡിലേക്ക് വീണ പാറക്കൂട്ടം പൂര്‍ണമായും നീക്കാനായില്ല. ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഏത് സമയത്തും വാഹനയാത്രികര്‍ക്ക് നേരെ പാറക്കൂട്ടം ഇളകി വീഴാമെന്ന സ്ഥിതിയാണ്. മണ്ണിടിച്ചില്‍ ഭീഷണി കണക്കിലെടുത്ത് സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. 

രണ്ടാഴ്ച മുന്‍പുണ്ടായ കനത്തമഴയിലാണ് നെല്ലിയാമ്പതി ചുരം റോഡിലെ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. മരപ്പാലം ഭാഗത്തുണ്ടായ ഉരുള്‍പൊട്ടല്‍ പൂര്‍ണമായും റോഡ് മൂടുന്ന അവസ്ഥയിലേക്കെത്തി. കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വീണ് ഒരാഴ്ചയോട് അടുത്താണ് നെല്ലിയാമ്പതി ഒറ്റപ്പെട്ടത്. പാറക്കല്ലുകള്‍ നീക്കി ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഏത് സമയത്തും കല്ലുകള്‍ റോഡിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്. ആശങ്കയോടെയാണ് സഞ്ചരിക്കുന്നതെന്ന് വാഹനയാത്രികര്‍. 

പൊതുമരാമത്ത് വിഭാഗത്തിനാണ് പാറക്കല്ലുകള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കേണ്ട ഉത്തരവാദിത്തമുള്ളത്. പ്രതികൂല കാലാവസ്ഥയാണ് പണികള്‍ തടസപ്പെടുത്തുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് നെല്ലിയാമ്പതിയിലേക്കുള്ള യാത്രാനിരോധനവും തുടരുകയാണ്.

Those going through Nelliampathi pass beware; The pile of rocks that fell on the road could not be completely removed: