TOPICS COVERED

പാലക്കാട് കിഴക്കഞ്ചേരി എർത്ത് ഡാം ഉപ്പു മണ്ണ് മേഖലയിൽ ഭൂമി വിണ്ടുകീറിയ നിലയിൽ. ആറ് വർഷം മുൻപ് സമാന രീതിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ട കുന്നിൻ മുകളിൽ വീണ്ടും ആശങ്ക നിറയുകയാണ്. കൂടുതൽ പരിശോധനയിലൂടെ അപകടത്തിൻ്റെ വ്യാപ്തി മനസിലാക്കി വേണ്ടി വന്നാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. 

എർത്ത് ഡാം ഉപ്പുമണ്ണ് പ്രദേശത്ത് കുന്നിൻ മുകളിലാണ് മൂന്നൂറ് മീറ്ററിലേറെ ഭാഗത്ത് വിള്ളലുണ്ടായിരിക്കുന്നത്. പ്രധാന റോഡിന് മുകൾ ഭാഗത്തെ കുന്നിലാണ് ആശങ്ക. 2018 ലും പ്രദേശത്ത് സമാനമായ വിള്ളൽ കാണപ്പെട്ടിരുന്നു. കാലക്രമേണ ഈ ചാലുകൾ മഴയത്ത് മണ്ണ് മൂടി പൂർവസ്ഥിതിയിലായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടത്. മുൻ വർഷങ്ങളിലുണ്ടായതിനെക്കാൾ കൂടുതൽ ഭാഗത്ത് വിള്ളലുണ്ട്. കനത്ത മഴയിൽ ഭൂമിക്കടിയിൽ നിന്നും വെള്ളം പല ഭാഗത്തും  പൊട്ടിയൊഴുകി ചെറിയതോതിൽ മണ്ണിടിച്ചിലും ഭൂമിക്ക് നിരപ്പ് വ്യത്യാസവും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. മരങ്ങൾ കൂടുതലായി ചരിഞ്ഞിട്ടുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു. ഭൂമി വിണ്ടുകീറിയ പ്രദേശം ആലത്തൂർ തഹസിൽദാർ പി ജയശ്രീ യുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധിച്ചു.

തഹസിൽദാർ പ്രാഥമിക റിപ്പോർട്ട് കലക്ടർക്ക് കൈമാറി. അടുത്ത ദിവസങ്ങൾ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും. അപകടത്തിൻ്റെ തീവ്രത മനസിലാക്കി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടി സ്വീകരിക്കും. മുൻകാല അനുഭവങ്ങൾ കണക്കിലെടുത്ത് അടിയന്തര ഇടപെടൽ വേണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Palakkad Kishkancherry earth dam in the saline soil area is cracked