രണ്ടര വയസുള്ള മകന് ചികില്‍സ വേണ്ടെന്ന് വച്ച് ഊരിലേക്ക് മടങ്ങിയ കുടുംബത്തെ ആനത്താരയിലൂടെ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയില്‍ തിരികെയെത്തിച്ച് സൂപ്രണ്ട്. അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.പത്മനാഭനാണ് ചികില്‍സയില്‍ മാത്രമല്ല അടിയന്തര ഘട്ടത്തില്‍ വളയം പിടിക്കാനും മികവുണ്ടെന്ന് തെളിയിച്ചത്. ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് തിരികെയെത്തിച്ച കുഞ്ഞ് സുഖം പ്രാപിക്കുന്നു.
ശ്വാസ തടസം നേരിട്ട് ചികില്‍സ തേടിയെത്തി പിന്നീട് ഡോക്ടറോട് പറയാതെ ഊരിലേക്ക് മടങ്ങിയ രണ്ടരവയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനാണ് ഈ യാത്ര. അര്‍ധരാത്രിയില്‍ ആംബുലന്‍സ് ആനത്താരയിലൂടെയും കോണ്‍ക്രീറ്റ് പാതയിലൂടെയും പാഞ്ഞു. ആംബുലന്‍സ് ഡ്രൈവറുടെ അഭാവത്തില്‍ വളയം പിടിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത സൂപ്രണ്ട് പത്മനാഭനൊപ്പം ശ്വാസമടക്കിപ്പിടിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഇരുപത്തി രണ്ട് കിലോമീറ്റര്‍ അകലെ ആംബുലന്‍സ് ഓടിച്ചെത്തുമ്പോള്‍ രണ്ടര വയസുകാരന്‍ ശ്വാസമെടുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. കുടുംബത്തെ ബോധ്യപ്പെടുത്തി അതേ ആംബുലന്‍സില്‍ തിരിച്ച് കോട്ടത്തറയിലേക്ക്.
മതിയായ ചികില്‍സ കിട്ടാതിരുന്നാല്‍ കുട്ടിയുടെ ജീവന് തന്നെ ആപത്തെന്ന് കണ്ടാണ് സൂപ്രണ്ട് ആംബുലന്‍സോടിച്ച് സൂപ്പര്‍മാനായത്. കുട്ടിയുടെ വീട് വാഹനമെത്താത്ത ഗലസി ഊരിലാണെങ്കിലും കല്‍ക്കണ്ടിയിലെ ബന്ധുവീട്ടില്‍ ഇവര്‍ തങ്ങിയത് തുണയായി. രണ്ടാംവട്ടം ആലോചിക്കാതെ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതിനാല്‍ അലോസരപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്ന വാര്‍ത്ത ആശ്വാസ വഴിയിലേക്ക് മാറി.