പാലക്കാട് കാവശ്ശേരി പത്തനാപുരം മേഖലയിലെ ആയിരത്തിലേറെ കുടുംബങ്ങളെ വട്ടം ചുറ്റിച്ച് പാലം പണി. ഇരുകരകളെയും ബന്ധിപ്പിച്ച് സ്ഥാപിച്ചിരുന്ന താല്‍ക്കാലിക പാലം മഴക്കാലത്ത് തകര്‍ന്ന് വീണെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാനായില്ല. പുതിയ പാലം പണിതീരാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നിരിക്കെ ജനങ്ങളുടെ യാത്രാക്ലേശം ഓരോദിവസവും ഉയരുകയാണ്.
കനത്തമഴയിലാണ് ഇരുമ്പ് നടപ്പാലം ഗായത്രിപ്പുഴയെടുത്തത്. ഇതോടെ പലര്‍ക്കും നഷ്ടമായത് കിലോമീറ്ററുകള്‍ ചുറ്റാതെ നടന്ന് നീങ്ങാനുള്ള വഴിയാണ്. മഴ മാറിയാലുടന്‍ പുതിയ നടപ്പാലം സ്ഥാപിക്കുന്നതിനൊപ്പം പുതിയ പാലത്തിന്‍റെ പണികളും വേഗത്തിലാക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. കാവശ്ശേരി, പത്തനാപുരം മേഖലയിലെ ആയിരത്തിലേറെ കുടുംബങ്ങളുടെ സഞ്ചാരവഴിയില്‍ പ്രതിസന്ധിയുണ്ടാവാതിരിക്കാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കണം.
പത്തനാപുരം പാലം പുതുക്കിപണിയുന്നതിന്‍റെ ഭാഗമായാണ് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയപാലം പൊളിച്ചത്. പാലത്തിന്‍റെ കാലപ്പഴക്കവും വീതിക്കുറവും പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ മുങ്ങി പോകുന്നതുമായിരുന്നു പ്രതിസന്ധി. പുതിയ പാലത്തിന്‍റെ നിര്‍മാണത്തിലും പോരായ്മയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരയിലേക്ക് തൂണുകള്‍ സ്ഥാപിക്കുന്നതിന് പകരം പുഴയിലാണ് പുതിയ കോണ്‍ക്രീറ്റ് തൂണുകളുള്ളത്. പുതിയ പാലം യാഥാര്‍ഥ്യമായാലും വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. മഴ മാറിയെങ്കിലും പാലം നിര്‍മാണത്തിലെ തടസം മാത്രം നീങ്ങിയിട്ടില്ലെന്നാണ് ജനപ്രതിനിധികളുടെയും പരാതി.