മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളെ അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം. ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മലമ്പുഴ ഉദ്യാനത്തിന്‍റെ കവാടം ഉപരോധിച്ചു. സഞ്ചാരികളെ അകത്തേക്ക് പ്രവേശിപ്പിക്കാതെയുള്ള സമരത്തിനൊടുവിൽ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തവരുടെ സഹന സമരം. വർഷങ്ങളായി തൊഴിലെടുത്തിരുന്ന ഇടത്ത് നിന്നും അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടതിൻ്റെ ആഘാതം ഇവരെ കാര്യമായി തളർത്തി. അറുപത് വയസ് കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് 96 താൽക്കാലിക ശുചീകരണ തൊഴിലാളികളെയാണ് മലമ്പുഴ ഡാം അധികൃതർ പിരിച്ചുവിട്ടത്. തുടർ സമരങ്ങളുടെ ഭാഗമായാണ് മലമ്പുഴ ഉദ്യാനം ഉപരോധിച്ചുള്ള സമരം. സഞ്ചാരികളെ കവാടത്തിൽ തടഞ്ഞായിരുന്നു പ്രതിഷേധം. പിന്മാറാൻ കൂട്ടാക്കാത്ത തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഡി.ടി.പി.സിയും, ഡാം അധികൃതരും സംയുക്തമായി ചർച്ച ചെയ്ത് എഴുപത് വയസ് വരെ ജോലി ചെയ്യാമെന്ന നിയമം അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. തീരുമാനം വൈകിയാൽ വീണ്ടും തൊഴിലാളികൾ സമര മുഖത്തിറങ്ങും.

ENGLISH SUMMARY:

Protest against the unfair dismissal of cleaning workers at Malampuzha Dam.