ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഷൊര്‍ണൂരിലെ പഴയ കൊച്ചിൻ പാലം പൊളിക്കാന്‍ പച്ചക്കൊടി വീശി പൊതുമരാമത്ത് വകുപ്പ് .കനത്ത മഴയില്‍ പാലത്തിന്‍റെ പൊളിഞ്ഞ തൂണുകള്‍ ഭാരതപ്പുഴയിലേക്ക് വീണതോടെ ജലപ്രവാഹവും തടസപ്പെടുന്നുണ്ട്. പാലം സംരക്ഷിക്കാന്‍ ഭീമമായ ചിലവ് വരുമെന്നും കുത്തൊഴുക്കുണ്ടായാൽ അവശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി പുഴയെടുക്കുമെന്നുമാണ് എന്‍ജിനീയര്‍മാരുടെ വിലയിരുത്തല്‍.
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ പരിശോധനയില്‍ പാലത്തിന് ബലക്ഷയമുള്ളതായി കണ്ടെത്തുകയും ഉടൻ പൊളിക്കണമെന്ന് കാട്ടി സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പും ചില സംഘടനകളും സർക്കാരിനെ സമീച്ചതോടെ നടപടികള്‍ അനിശ്ചിതത്വത്തിലായി. കഴിഞ്ഞമാസം ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പഴയ കൊച്ചിൻ പാലത്തിന്‍റെ ഒരു ഭാഗം ഒഴുക്കെടുത്തു. ഇതിന്‍റെ അവശിഷ്ടങ്ങൾ തട്ടി പട്ടാമ്പി പാലത്തിന്റെ തൂണുകൾ ഭാഗികമായി തകരുകയും ചെയ്തു.
15 സ്പാനുകളിലായി 300 മീറ്റർ നീളത്തിലുള്ള പാലത്തിൽ ഷൊർണൂർ ഭാഗത്തു നിന്നുള്ള ആറ്, ഏഴ്, എട്ട് സ്പാനുകളാണു നേരത്തേ പൂർണമായും പുഴയിലേക്കു കൂപ്പു കുത്തിയത്. മലബാറിന്‍റെ കവാടമായ കൊച്ചിൻപാലം തകര്‍ന്നുവീണത് 2011 ലാണ്. തൃശൂർ ജില്ലാ അതിർത്തിയിൽ ഷൊർണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ചു പുതിയ പാലം 2003 ൽ തുറന്നതോടെ പഴയ കൊച്ചിപാലം അടയ്ക്കുകയായിരുന്നു.