പാലക്കാട് കൽപാത്തി രഥോൽസവ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ക്ഷേത്രങ്ങളിൽ കൊടിയേറി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്ന് പ്രധാന മുന്നണി സ്ഥാനാര്‍ഥികളും പങ്കെടുത്തു. കൽപാത്തി ഉൽസവം കണക്കിലെടുത്ത് ഈ മാസം പതിമൂന്നിന് നിശ്ചയിച്ചിരുന്ന പാലക്കാട്ടെ വോട്ടെടുപ്പ് ഇരുപതിലേക്ക് മാറ്റിയിരുന്നു.
കാശിയിൽ പാതി കൽപാത്തിയിൽ കാതങ്ങളേറെ കടന്നുള്ള ഭക്തിനിർഭരമായ ഒത്തുചേരലിനാണ് തുടക്കമായത്. കൽപാത്തിയിലെ ആഗ്രഹാരങ്ങളിലാകെ മന്ത്ര ധ്വനികൾ. അലയാഴി കടന്നും ആണ്ടോട് ആണ്ടുള്ള ചടങ്ങിനായി കൽപാത്തിക്കാരുടെ വരവൊരുക്കുന്നിടം. ഓരോ വഴികളിലൂടെ കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചാനുഭവം. ഭക്തിയും ആചാരപ്പെരുമയും ആവോളം ഒത്തുചേരുന്ന സംഗമ ഇടം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിലാണ് രഥോല്‍സവത്തിനു കൊടിയേറിയത്.
കല്‍പാത്തി ഉള്‍പ്പെടുന്ന പാലക്കാട് നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികളും കൊടിയേറ്റ് ചടങ്ങിനെത്തിയിരുന്നു. മന്ത്രി രാമചന്ദൻ കടന്നപ്പിള്ളി, കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ കല്‍പാത്തിലേക്ക് പതിവിലും കവിഞ്ഞ തിരക്കാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.