ആനയ്ക്ക് പകരം ഓട്ടോറിക്ഷ. മോടി കൂട്ടാൻ നെറ്റിപ്പട്ടം. നിരത്തി നിർത്തി ഒട്ടും അകലം പാലിക്കാതെ. കാഴ്ചയിൽ ഇമ്പമുണ്ടെങ്കിലും പൂര കമ്പക്കാർ ഈ മട്ടിലുള്ള ഉൽസവമല്ല ആഗ്രഹിക്കുന്നതെന്ന മുന്നറിയിപ്പോടെ പ്രതിഷേധനിര.
കോടതിയുടെയും, സർക്കാരിൻ്റെയും ഇടപെടൽ ഒരു തരത്തിലും ഉൽസവം നടത്താൻ സഹായിക്കുന്നതല്ലെന്ന് ഓർമപ്പെടുത്തുന്നതിനായിരുന്നു പ്രതിഷേധപ്പൂരം. അഞ്ചു വിളക്ക് പരിസരത്ത് നിന്നും കലക്ട്രേറ്റിന് മുന്നിൽ വരെ ആവേശക്കാഴ്ച. പ്രതീകാത്മക പൂരം.
‘ഉല്‍സവ നടത്തിപ്പില്‍ ഇത്രയേറെ പ്രതിസന്ധി നിറഞ്ഞൊരു കാലമുണ്ടായിട്ടില്ല. ഇത് മറികടക്കാന്‍ സര്‍ക്കാരിന്‍റെ അടിയന്തര ഇടപടലുണ്ടാവണം’ – രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എല്‍.എ
പാലക്കാട് വെടിക്കെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ക്ഷേത്രോൽസവ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ജനപ്രതിനിധികളും സമരത്തിൻ്റെ ഭാഗമായി. സർക്കാർ ആത്മാർഥമായി ഇടപെട്ട് ഉൽസവ നടത്തിപ്പ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യം. നിയമ പോരാട്ടങ്ങൾക്കൊപ്പമാണ് വിശ്വാസികളുടെയും പൂര പ്രേമികളുടെയും പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രത്യക്ഷ സമരത്തിന് തുടക്കമായത്.