farmer-crisis

TOPICS COVERED

കാട്ടുപന്നിക്കൂട്ടത്തോടു തോറ്റു സ്വന്തം കൃഷിയിടത്തിലെ വിളവ് ഉപേക്ഷിച്ച കർഷകനു മറ്റൊരു ഭാഗത്തു പാട്ടത്തിനെടുത്ത ഭൂമിയിലും സമാനമായ തിരിച്ചടി. ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി ഗോപാലരാമനാണ് ഈ ദുരിതം.

 

ചോറോട്ടൂർ അതിർത്തിയിലാണു വിമുക്തഭടൻ കൂടിയായ ഗോപാലരാമന്‍റെ പാടം. ഇവിടെ പന്നിശല്യം അസഹ്യമായപ്പോഴാണ് വീടിനു സമീപം തൃക്കങ്ങോട് പാടത്ത് നാല് ഏക്കർ ഭൂമി പാട്ടത്തിനെടുത്തു രണ്ടാം വിളയിറക്കിയത്. താരതമ്യേന പന്നിശല്യം കുറഞ്ഞ പ്രദേശം എന്ന നിലയ്ക്കായിരുന്നു തീരുമാനം. പാടങ്ങൾ കതിരിട്ടു തുടങ്ങിയതോടെ ഇവിടെയും പന്നിക്കൂട്ടമിറങ്ങി. നെൽച്ചെടികൾ മുതൽ വരമ്പുകൾ വരെയെല്ലാം ചവിട്ടി മെതിക്കുകയാണു പന്നികൾ.

പാടശേഖരത്തിലെ മറ്റു കർഷകരുടേത് ഉൾപ്പെടെ പതിനഞ്ച് ഏക്കറോളം കൃഷിഭൂമിയിലാണു വിളനാശം. ഒരുമാസം കൂടി പിന്നിട്ടാൽ വിളവെടുക്കാവുന്ന പാടങ്ങളാണിത്. കൃഷിയിടങ്ങൾക്കു ചുറ്റും തുണി വലിച്ചുകെട്ടിയും പടക്കം പൊട്ടിച്ചും പന്നിക്കൂട്ടത്തെ തുരത്താനുള്ള ശ്രമങ്ങളും ഫലപ്രദമല്ല. സർക്കാരിന്‍റെ ഇൻഷുറൻസ് ആനുകൂല്യത്തിന്‍റെ പരിധിയിലുണ്ടെങ്കിലും നഷ്ടപരിഹാര ലഭ്യത സംബന്ധിച്ചു കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്കു പോലും വൃക്തതയില്ലെന്നു കർഷകർ പറയുന്നു. 

ENGLISH SUMMARY:

Palakkad ottapalam farmers crisis