കനാല്‍ വെള്ളത്തില്‍ വൈദ്യുതോല്‍പ്പാദന പരീക്ഷണവുമായി കെ.എസ്.ഇ.ബി. വൈദ്യുതി മന്ത്രിയുടെ മണ്ഡലമായ ചിറ്റൂര്‍ വണ്ടിത്താവളത്താണ് കൃഷി ആവശ്യത്തിനുള്ള വെള്ളം ഊര്‍ജമാക്കാനും ശ്രമിക്കുന്നത്. സമീപത്തെ 100 വീടുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഗ്രിഡിലൂടെ വൈദ്യുതി നൽകാനുള്ള പദ്ധതി.
ഒഴുകിപ്പരന്ന് കൃഷിയിടത്തിലേക്കെത്തുന്നതാണ് കനാലിലൂടെയുള്ള ജലസേചനം. കുത്തൊഴുക്കിന് യാതൊരു സാധ്യതയുമില്ലാത്ത രീതി. ഇരുകരകളും തട്ടിയുള്ള ഒഴുക്കിനിടയിലും ചിലഘട്ടങ്ങളില്‍ കനാല്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആ സാധ്യത ഊര്‍ജമാക്കി മാറ്റുന്നതിനുള്ള പരീക്ഷണത്തിലാണ് കെ.എസ്.ഇ.ബി.
പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി പാട്ടികുളത്തെ മൂലത്തറ ഇടതു കനാലിലാണ് ജലചക്രം സ്ഥാപിച്ചിട്ടുള്ളത്. പുഴയിലും കനാലുകൾ ഉൾപ്പെടെ ഒഴുക്കുള്ള ചെറുകിട ജലാശയങ്ങളിൽ നടപ്പാക്കുന്ന സൂക്ഷ്മ ജലസേചന പദ്ധതിയാണിത്. പരീക്ഷണ അടിസ്ഥാനത്തിലുള്ള പദ്ധതിയിൽ മൈക്രോ ഹൈഡ്രോ ഇലക്ട്രിക്കൽ വാട്ടർ വീൽ ഉപയോഗിച്ച് 10 കിലോവാട്ട് മൈക്രോ ചെറുകിട ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഗ്രിഡിൽ നേരിട്ട് നൽകിയാണ് വിതരണം.
സമീപത്തെ 100 വീടുകൾക്ക് ഇതിൽ നിന്നുള്ള വൈദ്യുതി നൽകാനും കഴിയും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കനാലിൽ ജലചക്രം സ്ഥാപിച്ച് വൈദ്യുതി എടുക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഏറെയുള്ള സംസ്ഥാനത്ത് പരീക്ഷണം വിജയിച്ചാലുള്ള ആശ്വാസം ചെറുതാവില്ല.