വൻ മനുഷ്യഅധ്വാനം വേണ്ട ഒന്നാണ് മധ്യതിരുവിതാംകൂറിലെ കലയായ പടയണിയുടെ വാദ്യമായ തപ്പിന്‍റെ നിർമ്മാണം. പശ എടുക്കാനുള്ള കായ ഇടിച്ചു പിഴിയുന്നത് മുതൽ കൂട്ടായ്മ തുടങ്ങുന്നു. പ്രകൃതിയിൽ നിന്ന് കിട്ടുന്ന വസ്തുക്കൾ മാത്രമാണ് തപ്പിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കടമ്മനിട്ടയിലെ തപ്പു നിർമ്മാണത്തിന്‍റെ കാഴ്ചകൾ .
പ്ലാവിൻ തടികൊണ്ടുള്ള വളയം കൊണ്ട് തീരില്ല. വാദ്യം ഒരുക്കാൻ എരുമയുടെ തോൽ വേണം. തോല് വൃത്തിയാക്കാൻ ആളു വേണം. പനച്ചി എന്ന മരത്തിലെ കായ ആണ് പശ. മരത്തിൽ കയറി പനച്ചിക്കാ പറിക്കുന്നത് മുതൽ പണി തുടങ്ങുന്നു.ഇത് ഉരലിൽ ഇട്ട് ഇടിച്ച് പിഴിഞ്ഞ് മൺപാത്രത്തിൽ ആക്കണം.
തോല് വലിച്ചുമുറുക്കാൻ പച്ച ഓല മടലിൽ നിന്ന് കീറിയെടുക്കുന്ന വഴുക വേണം. മുറുക്കി കെട്ടാൻ കരിയിലാഞ്ചി വള്ളി വേണം. തടിയിൽ തോല് ഒട്ടിപ്പിടിച്ചിരിക്കണമെങ്കിൽ വെള്ളാരംകല്ല് പൊടിച്ച് വിതറണം. വളയത്തിൽ പശ തേച്ച് വെള്ളാരം കല്ല് പൊടി വിതറി തോൽ വലിച്ച് മുറുക്കണം. വലിച്ച് മുറുക്കിയ തപ്പിന്റെ വളയത്തിലേക്ക് കല്ല് വെച്ച് അമർത്തിക്കെട്ടി എട്ടു ദിവസം വെയിൽ കൊള്ളിക്കുന്നതോടെയാണ് തപ്പ് രൂപപ്പെടുന്നത്.
എട്ടാം ദിവസം കെട്ട് അറുത്തു മാറ്റി തപ്പിലെ എരുമ രോമങ്ങൾ കരിച്ചു കളയും. വാദനയോഗ്യമാകണമെങ്കിൽ മണിക്കൂറുകളോളം തീയുടെ സമീപത്ത് പിടിച്ച് ചൂടാക്കണം. അതിൽ പാണൽ ഇല തൂത്തു തണുപ്പിക്കണം. തപ്പ് മേളത്തോടെയാണ് പടയണിയുടെ തുടക്കം തന്നെ. പടയണി അരങ്ങു തകർക്കണമെങ്കിൽ കരക്കൂട്ടം ഉണരണം. കൂട്ട ഉണരണം എങ്കിൽ തപ്പ് മേളം ഉയരണം. വാങ്ങാൻ കിട്ടില്ല, കലാകാരന്മാർ ഒത്തുചേരുമ്പോഴേ തപ്പ് വാദ്യം രൂപപ്പെടുന്നുള്ളൂ.