പല്ലില്‍ കമ്പിയിടാനെത്തിയ യുവതിയുടെ നാവില്‍ ഡ്രില്ലര്‍ തുളച്ചുകയറി. പാലക്കാട് കാവശ്ശേരി സ്വദേശിനി ഗായത്രിയുടെ നാവിനാണ് സാരമായി പരുക്കേറ്റത്. ഗുരുതര വീഴ്ച വരുത്തിയ ആലത്തൂര്‍ ഡെന്‍റല്‍ കെയര്‍ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് പല്ലില്‍ കമ്പിയിടാനായി ഗായത്രി ആലത്തൂരിലെ ക്ലിനിക്കിലെത്തിയത്. കമ്പിയിടുന്നതിനിടെ ഡ്രില്ലര്‍ നാവിലേക്ക് തുളച്ചുകയറുകയായിരുന്നു. അബദ്ധം പിണഞ്ഞെന്ന് സമ്മതിച്ച ഡോക്ടര്‍ വേദനസംഹാരി ഉപയോഗിച്ചാല്‍ മതിയെന്ന ഉപദേശം നല്‍കി ഗായത്രിയെ വീട്ടിലേക്ക് വിട്ടു. വേദന സഹിക്കാന്‍ കഴിയാതെ വന്നതോടെ ഗായത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. തീവ്രപരിചരണ വിഭാഗത്തിലെ ചികില്‍സയ്ക്ക് ഒടുവില്‍ മുറിവ് ഉണങ്ങി വരുന്നതേയുള്ളൂ. തനിക്കുണ്ടായ ദുരനുഭവം മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് കരുതിയാണ് വേദനയ്ക്കിടയിലും ഗായത്രി പൊലീസിനെ സമീപിച്ചത്.
യുവതിയുടെ മൊഴി പ്രകാരം ആലത്തൂര്‍ ഡെന്‍റല്‍ കെയര്‍ ക്ലിനിക്കിനെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ഗായത്രിയെ ചികില്‍സിച്ച ഡോക്ടറുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ചികില്‍സാപ്പിഴവ് സംബന്ധിച്ച് പ്രതികരണത്തിനില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.