തിരുവനന്തപുരം മലയിന്‍കീഴില്‍ പുലിയെ കണ്ടെന്ന ഭീതിക്ക് താല്ക്കാലിക ആശ്വാസം. സമീപത്തെ ഒരു സിസിടിവിയില്‍ കാട്ടുപൂച്ചയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിനെയാകാം പുലിയെന്ന് തെറ്റിധരിച്ചതെന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്നാല്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് പരിശോധന വീണ്ടും തുടരും.
മലയിന്‍കീഴ് മുക്കലം പാലമൂട് പ്രദേശത്താണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയത്. കണ്ണംകോട്, ചെറുകോട് ഭാഗം പ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു.
എന്നാല്‍ ഒരു ചെറിയ ഇട റോഡിലൂടെ അതിവേഗം ഓടിപ്പോകുന്ന കാട്ടുപൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഇതാകാം കഴിഞ്ഞ ദിവസം പുലിയെന്ന് തെറ്റിദ്ധരിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന കാട്ടുപൂച്ചയല്ലാതെ മറ്റ് ഏതെങ്കിലും വന്യ മൃഗങ്ങളങ്ങളാണോ എന്ന സംശയം പ്രദേശവാസികള്‍ക്കുണ്ട്.
കഴിഞ്ഞ മൂന്ന് ആഴ്ചയാണ് പ്രദേശത്ത് വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്. ഇത് വനംവകുപ്പിനെയും ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് പരിശോധന നടത്തും