അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ അനര്‍ട്ടിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയ സോളര്‍ വൈദ്യുതി പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ ഏത് അന്വേഷണത്തിന് തയാറെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഉദ്യോഗസ്ഥര്‍ക്ക് പിഴവുണ്ടെന്ന് തെളിഞ്ഞാല്‍ ഏത് ഉന്നതനായാലും സംരക്ഷിക്കില്ല. ആദിവാസികളെ ജോലിക്ക് നിയോഗിച്ചതില്‍ കൂലി നല്‍കിയില്ലെന്ന പരാതിയിലും അന്വേഷണമുണ്ടാവുമെന്നും മന്ത്രി ചിറ്റൂരില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അന്വേഷണത്തെ ഭയക്കേണ്ട സാഹചര്യം തനിക്കില്ല. പിഴവുണ്ടെന്ന് തെളിഞ്ഞാല്‍ നേരിട്ട് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഊർജ സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാലിനെ അന്വേഷണം ഏൽപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വരും. വന്നാലുടന്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
ആദിവാസി ഊരുകളില്‍ വെളിച്ചമെത്തിക്കാന്‍ ശ്രമിക്കുന്ന തനിക്ക് ഒരു രൂപയുടെ അഴിമതി നടത്തേണ്ട കാര്യമില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മറ്റ് ചില താല്‍പര്യങ്ങളുണ്ടെന്നും കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളില്‍ അനര്‍ട്ട് വഴി നടപ്പാക്കിയ സോളര്‍, വിന്‍റ് വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തനരഹിതമാണെന്നും മന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.