കിഫ്ബി വഴി കെഎസ്ഇബിയുടെ വിവിധ പദ്ധതികള്‍ക്കായി 1,862.51 കോടി രൂപയുടെ സഹായം ലഭിച്ചതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മുടങ്ങിക്കിടന്ന സബ് സ്റ്റേഷനുകളുടെ പണിയുള്‍പ്പെടെ പൂര്‍ത്തീകരിക്കാന്‍ സഹായമായി. വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക് നീങ്ങാന്‍ വിഭാവനം ചെയ്തിട്ടുള്ള രൂപരേഖയില്‍ കിഫ്ബി സഹായം നിര്‍ണായകമാണെന്നും വൈദ്യുതി മന്ത്രി മനോരമ ന്യൂസിനോട്.
സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള സബ് സ്റ്റേഷനുകളുടെ നിര്‍മാണത്തിനായിരുന്നു പ്രഥമ പരിഗണന. പതിനാല് സബ് സ്റ്റേഷനുകള്‍ക്കായി 718.79 കോടി ചെലവാക്കി. പന്ത്രണ്ട് എണ്ണത്തിന്‍റെ പണി പൂര്‍ത്തിയാക്കി. രണ്ടെണ്ണത്തിന്‍റെ പണികള്‍ പുരോഗമിക്കുകയാണ്. എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനുകള്‍ ഒന്‍പത് എണ്ണത്തിന്‍റെ നിര്‍മാണത്തിനായി 1157.72 കോടിയാണ് കിഫ്ബി വഴി സഹായം ലഭിച്ചത്.
പത്ത് ജില്ലകളിലായി കെ.എസ്.ഇ.ബിയുടെ വിവിധ പദ്ധതികള്‍ക്കായി കിഫ്ബിയുടെ സഹായം ലഭിച്ചു. ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 520 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നും ഇതിലൂടെ 250 കോടി രൂപ ലാഭിക്കാനാവുമെന്നും മന്ത്രി. ചിറ്റൂര്‍ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കിഫ്ബി വഴി സഹായം ലഭിച്ചുണ്ട്.
ജലവൈദ്യുതപദ്ധതികളുടെ വിപുലീകരണം. കൂടുതല്‍ സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍ തുടങ്ങി വൈദ്യുതോല്‍പാദനത്തിനും വിതരണത്തിനുമായുള്ള പദ്ധതികളില്‍ കിഫ്ബി ഫണ്ട് അനുവദിക്കാനുള്ള രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.