ആംബുലൻസ് സേവനം പൂർണതോതിൽ പ്രയോജനപ്പെടുത്താനാവാതെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി. ഡ്രൈവർമാർ അകാരണമായി അവധിയെടുക്കുന്നതിനാല്‍ ജീവൻരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആംബുലൻസുകൾ പലപ്പോഴും കട്ടപ്പുറത്തിന് സമാനമായ സ്ഥിതിയിലെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം നവജാത ശിശുവിനെയും അമ്മയെയും തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച രീതി അനാസ്ഥയുടെ ആഴം കൂട്ടും.
ഒരു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന് ശ്വാസതടസം. ചികിൽസാ സൗകര്യങ്ങളിൽ ശൈശവാവസ്ഥ തുടരുന്ന കോട്ടത്തറയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചേ മതിയാവൂ. രക്തസ്രാവം കാരണം കുഴഞ്ഞുപോയ അമ്മ ശ്രീജയ്ക്കും വേണം ചികിൽസ. ഇരുവരെയും തൃശൂരിലെത്തിക്കാൻ ഏറെ പാടുപെട്ടു. ജീവൻരക്ഷാ സംവിധാനങ്ങളുള്ള ആംബുലൻസിൽ കുഞ്ഞിനെ കയറ്റി. അമ്മയെ ഇതേ ആംബുലൻസിൽ കൊണ്ടു പോകാൻ കഴിയുന്ന ആരോഗ്യ സ്ഥിതിയായിരുന്നില്ല. അവധിയിലായിരുന്ന ഡ്രൈവറെ വിളിച്ച് വരുത്തി പിന്നീട് അമ്മയെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത് കുഞ്ഞിനെ എത്തിച്ച് നാല് മണിക്കൂറിന് ശേഷമാണ്. നാല് ആംബുലൻസുകൾ ഓടിക്കാൻ എട്ട് ഡ്രൈവർമാർ ധാരാളം, എന്നാൽ ഇവരുടെ അപ്രതീക്ഷിത അവധി രോഗികളെ വലയ്ക്കുകയാണ്.
നിരവധി പരിശ്രമങ്ങൾക്കൊടുവിലാണ് കട്ടപ്പുറത്തിരുന്ന ആംബുലൻസുകൾ റോഡ് കണ്ട് തുടങ്ങിയത്. ഡ്രൈവർമാരുടെ പരിമിതി പറഞ്ഞ് വീണ്ടും ആംബുലൻസുകൾ ഓട്ടം മുടക്കുമ്പോൾ അട്ടപ്പാടിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ അടിസ്ഥാന അവകാശമാണ് നിഷേധിക്കപ്പെടുന്നത്.