വയനാട് അമ്പലവയലിൽ ഇരുപത്തൊന്നുകാരന്‍ ആത്മഹത്യ ചെയ്തത് സുഹൃത്തുക്കളുടെ ഭീഷണിമൂലമെന്ന് മാതാപിതാക്കളുടെ പരാതി. 8000 രൂപ നൽകാനുള്ളതിന്റെ പേരിൽ സുഹൃത്തുക്കൾ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചു.
അമ്പലവയലിലെ 21 വയസുകാരൻ പ്രണവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഈ മാസം മുപ്പതിന് മെർച്ചന്റ് നേവിയിൽ ചേരേണ്ടതായിരുന്നു. പക്ഷെ കുടുംബത്തിനു ബാക്കിയായത് പ്രണവ് തയ്യാറാക്കി വെച്ച യൂണിഫോം മാത്രം
8000 രൂപയാണ് പ്രണവ് സുഹൃത്തിനു നൽകാനുണ്ടായിരുന്നത്. പണം ചോദിച്ച് സുഹൃത്ത് താഹിറും നാല് പേരും വെള്ളിയാഴ്ച വീട്ടിലെത്തിയിരുന്നു. വാതിൽ തല്ലിപ്പൊളിച്ച് അകത്തു കയറിയെന്നും ഭയന്ന് പ്രണവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ പരാതി.
ബൈക്ക് വാങ്ങിയതിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പ്രണവിനു കടബാധ്യതയുണ്ടായിരുന്നു. എന്നാൽ നേവിയിൽ ചേരാൻ സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതാണ് പ്രണവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പിതാവിന്റെ ആരോപണം. പ്രണവിന് മുമ്പും ഭീഷണിയുണ്ടായിരുന്നതായും പിതാവ് ആരോപിച്ചു. വിഷയത്തിൽ മാതാപിതാക്കളുടെ പരാതിയിൽ അമ്പലവയൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.