വയനാട് പനമരത്ത് സപ്ലൈകോയ്ക്ക് കൈമാറാനായി വയലിൽ ചാക്കിൽ കെട്ടിവച്ച നെല്ല് കാട്ടാന തിന്നു തീർത്തു. നീർവാരം ചന്ദനക്കൊല്ലി ചെറുവാടിയിൽ ഷിബുവിന്റെ 60 ചാക്കോളം നെല്ലാണ് കാട്ടാന തിന്നും വലിച്ചു വാരിയിട്ടും നശിപ്പിച്ചത്. പനമരത്ത് പലവിധത്തില്‍ കാട്ടാനകള്‍ ശല്യം തീര്‍ത്തിട്ടുണ്ട് .മതില് തകര്‍ത്തും കൃഷി നശിപ്പിച്ചും പലവിധത്തില്‍. ഇന്നലെ ദുരിതം വിതച്ചത് മറ്റൊരു തരത്തിലാണ്. പാടശേഖരത്തിൽ കൊയ്ത് ഉണക്കി പതിരും പൊടിയും കളഞ്ഞ് ചാക്കിൽ കൊട്ടിവെച്ച നെല്ല് തിന്നു തീര്‍ത്തു. ടാർപോളിൻ ഷീറ്റ് മുടി സൂക്ഷിച്ചു വെച്ച നെല്ലാണ് ആനക്കൂട്ടം നശിപ്പിച്ചില്ലാതാക്കിയത്. പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്തെ ഷിബുവിന്റെ അധ്വാനമാണ് കാട്ടാനകള്‍ ഇല്ലാതാക്കിയത്
പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടമാണ് കിലോമീറ്ററിനപ്പുറമുള്ള ചന്ദനക്കൊല്ലി പാടത്തെത്തിയത്. നെല്ല് കയറ്റി പോകുന്നതിന് വാഹനം എത്താനിരിക്കുമ്പോഴാണു കാട്ടാനകളെത്തിയത്. ആനയോ മറ്റു വന്യജീവികളോ എത്താത്ത മേഖലയായത് കൊണ്ടാണ് ഷിബു നെല്ല് മൂടി വെച്ചു മടങ്ങിയത്. പക്ഷെ മണുത്തെത്തിയ കാട്ടാന സര്‍വതും തകര്‍ത്തു.
നെല്ല് ചാക്കിലാക്കുന്നതിനു രാത്രി ഒന്നര വരെ ഷിബുവും കുടുംബവും വയലിൽ ഉണ്ടായിരുന്നു. അതിനു തൊട്ട് പിന്നാലെയാണ് കാട്ടാനകളെത്തിയത്. ജീവന് അപകടത്തില്‍ പെട്ടില്ലെങ്കിലും നഷ്ടം സഹിക്കാവുന്നതിലും അപ്പുറമാണ്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ അറിയിച്ച് മടങ്ങി. മുഴുവൻ നഷ്ടവും അടിയന്തരമായി കർഷകന്റെ വീട്ടിൽ എത്തിച്ചു നൽകുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം..