വയനാട് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ കാടുപിടിച്ചു കിടക്കുന്ന തേയില ഫാക്ടറി ആയിരം പേരെ പാർപ്പിക്കാവുന്ന ഷെൽട്ടർ ഹോമാക്കി മാറ്റും.ടൗൺഷിപ്പിന്റെ ഭാഗമായാകും നിർമാണം.വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഫാക്ടറി വേഗത്തിൽ പുനർ നിർമിക്കാനാകുമെന്ന് ഊരാളുങ്കൽ അറിയിച്ചു.
50 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണീ ഫാക്ടറി. നേരത്തേ പ്രവർത്തിച്ചിരുന്നെങ്കിലും കാലങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആളനക്കമില്ലാതായതോടെ ഇന്ന് വന്യ ജീവികളുടെ ഇടമാണ്. അവിടെയാണ് കമ്യൂണിറ്റി ഹാളും ഷെൽറ്റർ ഹോമും നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ കെട്ടിടത്തിന്റെ മുകൾ ഭാഗം പുനർനിർമിച്ചായിരിക്കും ഷെൽട്ടർ ഹോമുകൾ ഒരുക്കുക.ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഊരാളുങ്കൽ നിർമാണ പ്രവർത്തി തുടങ്ങും
ഒരേസമയം 1000 ആളുകളെ പാർപ്പിക്കാനാകുമെന്നാണ് വാഗ്ദാനം.പൂർണ സൗകര്യമൊരുക്കും. മഴ മുന്നറിയിപ്പടക്കമുള്ള സാഹചര്യങ്ങളിൽ കുടുംബങ്ങളെ കൂട്ടത്തോടെ ഇങ്ങോട്ടേക്ക് മാറ്റാനാകും. അല്ലാത്ത ഘട്ടങ്ങളിൽ കമ്മ്യൂണിറ്റി സെന്റർ ആയും ഉപയോഗിക്കാനാകും. നിർമാണ പ്രവൃത്തി തുടങ്ങുന്ന മുറക്ക് വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് ഊരാളുങ്കൽ അറിയിച്ചത്.