വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം തടസപ്പെടുത്തി നാട്ടുകാർ നടത്തിവന്ന സമരം പിൻവലിച്ചു. മൽസ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകൾ ഈ മാസം തന്നെ നൽകിത്തുടങ്ങുമെന്ന് ചർച്ചയിൽ കളക്ടർ ഉറപ്പ് നൽകിയതോടെയാണ് തീരുമാനം. മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥിരം സമിതിയെ നിയോഗിക്കാനും തീരുമാനമായി.
മൽസ്യത്തൊഴിലാളികൾ സമരം ശക്തമാക്കുകയും തുറമുഖ നിർമാണം പത്ത് ദിവസമായി മുടങ്ങുകയും ചെയ്തതോടെയാണ് സർക്കാർ നിർദേശപ്രകാരം കളക്ടർ കെ. വാസുകി സമരക്കാരുമായി ചർച്ച നടത്തിയത്. തുറമുഖം മൂലം തൊഴിലില്ലാതാകുന്ന മൽസ്യത്തൊഴിലാളികൾക്കും വീടിന് നാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകാനുള്ള കർമപദ്ധതി മുപ്പതിനകം തയാറാക്കും. പ്രദേശത്തെ മറ്റ് പ്രശ്നങ്ങളും കൂടുതൽ പേർക്ക് സഹായം നൽകുന്നതും പഠിക്കാൻ കളക്ടർ 16ന് സ്ഥലം സന്ദർശിക്കും.
1600ഓളം ഭവനരഹിതർക്ക് വീടും അറുന്നൂറിലേറെ ഉപാധിരഹിത പട്ടയവും നൽകാനും ധാരണയായി. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിലും മുപ്പതിനകം തീരുമാനമെടുക്കും. നിർമാണം മൂലം തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥിരം സമിതിയും രൂപീകരിച്ചതോടെയാണ് സമരസമിതിയും കോവളം എം.എൽ.എ എം.വിൻസെന്റും അടക്കമുള്ളവർ കൂടിയാലോചിച്ച് സമരം പിൻവലിച്ചത്.
തുറമുഖ നിർമാണത്തിന് ഏർപ്പെടുത്തിയിരുന്ന തടസങ്ങൾ ഉടൻ മാറ്റി സഹകരിക്കുമെന്നും സമരസമിതി പറഞ്ഞു.