Ajeetha Begum

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജിത ബീഗത്തെ മാറ്റാന്‍ സിപിഎം ജില്ലാ നേതൃത്വം രംഗത്ത്. ചവറ സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്മിഷണര്‍ക്കെതിരെ ജില്ലാ നേതൃത്വം മുഖ്യമന്ത്രിയോടും ഡ‍ിജിപിയോടും പരാതിപ്പെട്ടു. കമ്മിഷണറുടെ നിരുത്തരവാദപരമായ സമീപനമാണ് ചവറയില്‍ എസ്ഡിപിഐ സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് പ്രധാന ആരോപണം. കമ്മിഷണറുടെ മെല്ലെപ്പോക്ക് സമീപനം പൊലീസിനെ ബാധിച്ചുവെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

സി പി എം സംസ്ഥാന നേതൃത്വത്തിന് താല്പര്യമുള്ള കൊല്ലം കമ്മീഷണർ ആ പദവിയിൽ പരാജയമാണെന്നാണ് പാർട്ടി ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ചവറയിൽ സംഘർഷമുണ്ടാക്കാൻ ഇടയാക്കിയത് കമ്മീഷണറുടെ ജാഗ്രതക്കുറവാണ്. സിപിഐ, എസ്ഡിപിഐ ജാഥകൾ ഒരേ റോഡിലൂടെ കടന്നു പോകുമെന്ന് കമ്മീഷ്ണർക്ക് അറിയാമായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച കമ്മിഷണര്‍ വേണ്ടത്ര പൊലീസുകാരെ വിന്യസിച്ചില്ല. ജില്ലയിലെ പൊലീസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പോലും അജിതാ ബീഗം അറിയുന്നില്ലെന്നും സിപിഎം നേതൃത്വം ആരോപിചക്കുന്നു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി കമ്മിഷണർ ഉത്തരവാദിത്വത്തിൽ ഒഴിഞ്ഞു മാറുകയാണെന്നും വിമർശനമുണ്ട്. കൊല്ലം ജില്ലയിൽ ഭരണമേ നടക്കുന്നില്ലെന്നാണ് സിപിഎം മുഖ്യമന്ത്രിയേയും ഡിജിപിയേയും അറിയിച്ചിരിക്കുന്നത്. ചവറ കെ എം എം എല്ലിൽ പാലം തകർന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് പൊലീസ് കമ്മീഷണർ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും പാർട്ടി, ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്