pathanamthitta-mla

ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് രാജു എബ്രാഹാം എം.എല്‍.എ. സി.പി.എം റാന്നി ഏരിയസമ്മേളനത്തിലെ ചര്‍ച്ചയിലാണ് എം.എല്‍.യുടെ രോഷപ്രകടനം. റാന്നിമണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പാര്‍ട്ടി പ്രവര്‍ത്തരില്‍നിന്നുള്‍പ്പടെ എം.എല്‍.എക്ക് വിമര്‍ശനംകേള്‍ക്കേണ്ടിവന്നിരുന്നു. 

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിലും ലോക്കല്‍ സമ്മേളനങ്ങളിലും റാന്നിമണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചര്‍ച്ചയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഏരിയസമ്മേളനത്തിലും റോഡ് വിഷയം ചര്‍ച്ചയായത്. എം.എല്‍.എക്കൊപ്പം നേതാക്കളുടെ ഇടപെടലിലെ വിഴ്ചയും ചര്‍ച്ചയായി. മറുപടിപറഞ്ഞ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ രൂഷവിമര്‍ശനം ഉന്നയിച്ചു. റോഡ് അറ്റകുറ്റപ്പണിനടത്തുന്നത് ഉള്‍പ്പെടെയുള്ളകാര്യത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുകയായിരുന്നുവെന്ന് എം.എല്‍.എ ആരോപിച്ചു. ഇതിന് രാഷ്ട്രീയ എതിരാളികളുടെ ഒത്താശയുമുണ്ടായി. റോഡുകളുടെ നിലമോശമായസാഹചര്യത്തില്‍ എം.എല്‍.ക്കെതിരെ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ശക്തമായപ്രതിഷേധമാണ് ഉയര്‍ന്നത്. 

എം.എല്‍.എയുടെ ഓഫീസിലേക്കുള്‍പ്പെടെ പ്രദേശവാസികളും വിവിധസംഘടനകളും പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയില്‍ ഏറെവൈകിയാണ് റോഡുകളുടെ നിര്‍മാണ പ്രവ‍‍ര്‍ത്തികള്‍ ആരംഭിച്ചത്. ഇപ്പോഴും മണ്ഡലത്തില്‍ പലയിടങ്ങളിലും റോഡുകള്‍ നന്നാക്കാനുണ്ട്. ബംഗ്ലാംകടവ് ജണ്ടാക്കല്‍ ഒഴുവന്‍പാറ റോഡിന്റെ ടെണ്ടര്‍ നടപടികള്‍പോലും പൂര്‍ത്തിയാക്കാനായിട്ടില്ല