കൊല്ലം പളളിമണ്ണിലെ പൊലീസ് അതിക്രമത്തില്‍ ഏഴു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടുകാരുടെ മൊഴിയെടുത്ത് അന്വേഷണസംഘം. ചാത്തന്നൂര്‍ പൊലീസിന്‍റെ ക്രൂരത വിവരിച്ചെന്നും ദൃശ്യങ്ങള്‍ കൈമാറിയെന്നും പരാതിക്കാരനായ അജി മനോരമ ന്യൂസിനോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതിയും രൂപീകരിച്ചു.
കോടതി തീര്‍പ്പാക്കിയ കേസില്‍ പഴയ വാറണ്ടുമായെത്തിയാണ് പളളിമണ്‍ സ്വദേശിയായ അജിയെ കഴിഞ്ഞ പന്ത്രണ്ടിന് രാത്രി പൊലീസ് പിടിച്ചുകൊണ്ടുപോയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൊടുത്ത പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്. ചാത്തന്നൂര്‍ പൊലീസ് വീടിനുളളില്‍ കാട്ടിക്കൂട്ടിയ പരാക്രമത്തിന്‍റെ ദൃശ്യങ്ങള്‍ കൈമാറുകയും കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തു, നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അജി മനോരമ ന്യൂസിനോട് പറഞ്ഞു.
ചാത്തന്നൂര്‍ സി.ഐ മാത്രമല്ല, ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍, സ്റ്റേഷനില്‍ മോശമായി പെരുമാറിയ വനിത പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അന്വേഷണ സംഘം ചാത്തന്നൂര്‍ പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.