ആലപ്പുഴ ബൈപാസ്  അടുത്തമാസം കമ്മിഷന്‍ ചെയ്യുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനം പാഴാകും. രണ്ട് റയില്‍വെ മേല്‍പ്പാലങ്ങളുെട നിര്‍മാണാനുമതി വൈകിയതോടെ ബൈപാസ് നിര്‍മാണവും നീളുകയാണ്. അപ്രോച്ച് റോഡുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടുമില്ല .  

റയില്‍പാതയ്ക്ക് അക്കരയിക്കര നില്‍ക്കുകയാണ് ആലപ്പുഴ ബൈപ്പാസ്. റയില്‍വെയുടെ സുരക്ഷാഅനുമതിയെന്ന കടമ്പ ഇനിയും കടന്നിട്ടില്ല. എല്ലാ പ്രതിബന്ധങ്ങളും മാറ്റി മെയ് 28ന് കമ്മിഷന്‍ ചെയ്യാന്‍ കഴിയണമെന്ന നിര്‍ദേശമാണ് ഒടുവില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി ജി.സുധാകരന്‍ നല്‍കിയത്. അത് പാഴാവും. പ്രധാനറോഡും സമാന്തരപാതയും കലിങ്കുകളുടെ നിര്‍മാണവുമെല്ലാം ബാക്കിയാണ്. കാഞ്ഞിരംചിറ മേഖലയില്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചതുമാത്രമാണ് കാര്യമായ പുരോഗതി. കൊമ്മാടി ജംക്ഷന്‍ മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൈപ്പാസ്. ഇതില്‍ മൂന്നുകിലോമീറ്ററോളം ആകാശപാതയാണ്. 

RDS, CVCC എന്നീ രണ്ടുകമ്പനികള്‍ ചേര്‍ന്നാണ് വര്‍ഷങ്ങളായി നിര്‍മാണം നടത്തിവരുന്നത്. ആവശ്യത്തിന് തൊഴിലാളികളോ കയ്യില്‍ കാശോ ഇല്ലാതെയാണ് കരാറെടുത്ത കമ്പനികള്‍ പ്രവര്‍ത്തിയുമായി മുന്നോട്ടുപോകുന്നതെന്ന വിമര്‍ശനം മന്ത്രി തന്നെ നടത്തിയിരുന്നു. പലകുറി സമയംനീട്ടിനല്‍കിയിട്ടും പണി പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ മുന്നറിയിപ്പ്.