kireedam_film-bridge

കിരീടം എന്ന മലയാള സിനിമയിലൂടെ പ്രശസ്തമായ തിരുവനന്തപുരം വെള്ളയാണിയിലെ കിരീടം പാലത്തിന് പുനര്‍ജന്‍മം. കാലപ്പഴക്കത്തില്‍ തകര്‍ന്ന് പോയ പാലം ലക്ഷങ്ങള്‍ ചെലവഴിച്ച് ജലസേചനവകുപ്പാണ് നവീകരിച്ചത്.

മോഹന്‍ലാലും ശ്രീനാഥും പാര്‍വതിയുമൊക്കെ നടന്ന് പോകുന്ന പാലം. സിനിമയും ഈ രംഗങ്ങളുമെല്ലാം മലയാളികളുടെ മനസില്‍ ഇടംപടിച്ചതോടെ പാലവും ഹിറ്റായി. സിനിമയെ ഇഷ്ടപ്പെട്ടവര്‍ പലയിടങ്ങളില്‍ നിന്ന് പാലം കാണാനെത്തി. അങ്ങനെ വെള്ളായണിക്കായലിലെ കന്നുകാലിച്ചാലിന് കുറുകെ നിര്‍മിച്ച പാലത്തിന്റെ പേര് കിരീടം പാലമെന്നായി. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടതോടെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. തൂണുകള്‍ ഇളകി. പാലം നന്നാക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതിനൊടുവിലാണ് മൂന്ന് ലക്ഷത്തോളം രൂപ മുടക്കി ജലസേചനവകുപ്പ് പാലം നവീകരിച്ചത്.

പാലം പൂര്‍വസ്ഥിതിയിലാകുന്നതോടെ വീണ്ടും കാഴ്ചക്കാരെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അങ്ങനെ സിനിമ റിലീസായി 29 വര്‍ഷം കഴിയുമ്പോള്‍ സിനിമയുടെ പേര് നിലനിര്‍ത്തുന്ന പാലത്തിന് രണ്ടാം ജന്‍മമാവുകയാണ്.