തിരുവനന്തപുരം കോർപ്പറേഷന്‍റെ കിച്ചൻ ബിൻ വിതരണത്തില്‍ ക്രമക്കേട് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ശുചിത്വമിഷന്റെ പാനലിൽ ഇല്ലാത്ത കോയമ്പത്തൂരിലെ കമ്പനിക്ക് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചാണ് കോടികളുടെ കരാര്‍ നൽകിയത്. വിജിലൻസ് അന്വേഷണം ഉൾപ്പെടെ നേരിട്ട അതേ കമ്പനിക്ക് വീണ്ടും അഞ്ചുകോടി രൂപയുടെ കരാർ നൽകിയതോടെയാണ് രേഖകൾ പുറത്തായത്.
അടുക്കള മാലിന്യ സംസ്കരണത്തിന് വീടുകളിൽ സ്ഥാപിക്കുന്ന കിച്ചൻ ബിൻ വാങ്ങിയതിലാണ് വൻ ക്രമക്കേട് നടന്നത്. വി.കെ.പ്രശാന്ത് മേയറായിരിക്കെ 2017ൽ തുടങ്ങിയ ദുരൂഹ ഇടപാടുകളുടെ ഫയലുകളാണ് പുറത്തുവന്നത്. കോയമ്പത്തൂർ ആസ്ഥാനമായിട്ടുള്ള ഒമേഗ എന്ന കമ്പനിയിൽ നിന്ന് 2017ൽ മൂന്നു കോടി രൂപയ്ക്കും
2019ൽ ഒൻപത് കോടി രൂപയ്ക്കും കിച്ചൻ ബിൻ വാങ്ങിയതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഇത് നിലനിൽക്കെ ഈ വർഷവും പുതിയ കരാർ ഇതേ കമ്പനിക്ക് നൽകി. ശുചിത്വ മിഷൻ അംഗീകൃത ഏജൻസികൾക്കാണ് കരാർ നൽകേണ്ടത്. എന്നാൽ, പട്ടികയിൽ ഇല്ലാത്ത ഈ കമ്പനിക്ക് കരാർ നൽകുക മാത്രമല്ല, മുൻകൂട്ടി കരാർ തുക നൽകിയതിനും രേഖകളുണ്ട്. ശുചിത്വമിഷന്റെ അംഗീകാരമില്ലാത്ത കമ്പനിയുമായി കരാറിലേർപ്പെടുന്നതിൽ 2019ൽ അന്നത്തെ കോർപ്പറേഷൻ സെക്രട്ടറി നിയമക്കുരുക്ക് ഉയർത്തിയിരന്നു. ഇതിനെ മറികടക്കാൻ മുണ്ടൂരിലെ അംഗീകൃത ഏജൻസിക്ക് കരാർ നൽകുകയും അവരിലൂടെ വിവാദ കമ്പനിയായ ഒമേഗയിൽ നിന്ന് തന്നെ കിച്ചൻബിൻ വാങ്ങുകയും ചെയ്തതായി രേഖകൾ പറയുന്നു. 1,223 രൂപയ്ക്ക് മുണ്ടൂരിലെ സ്ഥാപനത്തിന് ഒമേഗ നൽകിയ കിച്ചൻബിൻ 1800 രൂപയ്ക്കാണ് കോർപ്പറേഷൻ വാങ്ങിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് ഇഷ്ടകമ്പനിക്ക് കരാർ നൽകിയതിൽ മാത്രം കാര്യങ്ങൾ ഒതുങ്ങുന്നില്ല. ഇറക്കുമതി ചെയ്തെന്ന് അവകാശപ്പെടുന്ന അത്രയും ബിന്നുകൾ കോർപ്പറേഷനിൽ എത്തിയിട്ടില്ലെന്നാണ് സൂപ്പർവൈസറുടെ മറ്റൊരു റിപ്പോർട്ട്. 40 ലക്ഷം വിലമതിക്കുന്ന രണ്ടായിരത്തിലേറെ ബിന്നുകളാണ് കാണാതായിട്ടുള്ളത്.