കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീസ് കുത്തനെകൂട്ടി. എ കാറ്റഗറിയിലുള്ള തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനേക്കാൾ കൂടിയ തുകയാണ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഈടാക്കുന്നത്. വർധന പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസില്‍ അറിയിച്ചു.
പാർക്കിംഗ് ഫീസിൽ ഇരട്ടി വർധനയാണ് റെയിൽവേ വരുത്തിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ നിരക്കിനേക്കാൾ 30 മുതൽ 40 ശതമാനം കൂടുതലാണിത്. 2 മണിക്കൂർ വരെ , ഇരുചക്ര വാഹനത്തിന് പത്തും, ആട്ടോ-കാർ എന്നിവയ്ക്ക് 30 രൂപയും ബസ് – മിനി ബസ് എന്നിവയ്ക്ക് 130 രൂപയുമാണ് ഈടാക്കുന്നത്.
രണ്ടു മുതൽ 8 മണിക്കൂർ വരെ 20, 50, 270 എന്ന നിലയിലും . 24 മണിക്കൂർ വരെ 30, 80, 380 എന്ന ക്രമത്തിലുമാണ് ഫീസ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനെക്കാൾ അഞ്ചു മുതൽ 20 രൂപ വരെ അധികമാണിത്. 24 മണിക്കൂർ കഴിഞ്ഞുള്ള പാർക്കിങ്ങുകൾക്ക് തുക ഇരട്ടിയാകും. എല്ലാത്തിനും പുറമേ ഹെൽമെറ്റ് ഉണ്ടെങ്കിൽ ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപ അധികം നൽകണം.