കൊല്ലം ബൈപാസ് നിര്‍മാണത്തില്‍ അപാകതയെന്ന് ആക്ഷപം. ഉദ്യോഗസ്ഥരുടെ മേല്‍നോട്ട കുറവ് മൂലമാണ് നിര്‍മാണത്തിലിരിക്കുന്ന അനുബന്ധ റോഡിന്റെ ഭിത്തി ഇടിഞ്ഞുതാണതെന്നാണ് ആരോപണം. ബൈപാസ് റോഡിന്റെ നിര്‍മാണം കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിച്ചെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
നിര്‍മാണം പുരോഗമിക്കുന്ന കൊല്ലം ബൈപാസില്‍ നീരാവില്‍ പാലത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. അനുബന്ധ റോഡിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. ബൈപാസ് നിര്‍മാണത്തിലെ അഴിമതിയുടെ തെളിവാണ് സംഭവമെന്ന് ബിജെപി ആരോപിച്ചു. പാലവും റോഡും തകര്‍ന്നതിനെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തി.
പാലത്തിന്റെയും റോഡിന്റെയും രൂപകല്‍പനയിലുണ്ടായ പിഴവാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചരിവ് വന്ന ഭാഗത്ത് പൈലിങ് നടത്തി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ജോലികളെല്ലാം വേഗം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം ബൈപാസ് സഞ്ചാര യോഗ്യമാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.