തിരുവനന്തപുരം ജില്ലയില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി യുവാക്കളെ ഉള്‍പ്പെടുത്തി ദുരന്തകര്‍മ്മസേന രൂപീകരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ ബജറ്റിലാണ് പുതിയ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ഭവനനിര്‍മാണത്തിനുമാണ് ബജറ്റില്‍ പ്രാധാന്യം നല്‍കുന്നത്.
ഓഖി ദുരന്തത്തെ നേരിടുകയും പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത ജില്ലയാണ് തിരുവനന്തപുരം. ഇനി അത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാനാണ് യുവാക്കളെ ഉള്‍പ്പെടുത്തി മിത്രം എന്ന പേരില്‍ ദുരന്തകര്‍മ്മസേന രൂപീകരിക്കുന്നത്. ശാസ്ത്രീയ പരിശീലനം നല്‍കിയാവും സേനയെ സജ്ജമാക്കുക. വിദ്യാര്‍ഥികള്‍ക്ക് കാലാവസ്ഥാ പഠനം, സ്കൂളുകളില്‍ ഹരിത ഉദ്യാനം തുടങ്ങി വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 62 കോടി നീക്കിവച്ചതാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റൊരിടപെടല്‍.
കിള്ളിയാര്‍ സംരക്ഷണ മാതൃകയില്‍ ജലാശയങ്ങളും കിണറുകളുമെല്ലാം സംരക്ഷിക്കാനായി ജലശ്രീ എന്ന പദ്ധതിക്കും രൂപം നല്‍കും. സര്‍ക്കാരിന്റെ ലൈഫ് മിഷനടക്കം ഭവനനിര്‍മാണത്തിന് 18 കോടിയും ആരോഗ്യമേഖലയ്ക്ക് 16.5 കോടിയും അനുവദിച്ചിട്ടുണ്ട്. മല്‍സ്യം കേട് കൂടാതെ സൂക്ഷിച്ച് വില്‍പ്പന നടത്താനുള്ള സംവിധാനം ഉള്‍പ്പെടെ മല്‍സ്യമേഖലയ്ക്ക് 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. പുതിയതായി ഒന്നുമില്ലാത്ത ബജറ്റെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.