ആലപ്പുഴയിൽ ദേശീയ പാത നിർമാണം പുരോഗമിക്കുന്ന സുപ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതയോ മേൽപ്പാലമോ ഇല്ലാത്തത് പ്രതിസന്ധിയാകുന്നു. അശാസ്ത്രീയമായ ദേശീയ പാതാ വികസനത്തിനെതിരെ അമ്പലപ്പുഴ - വണ്ടാനം മേഖലകളിൽ പ്രതിഷേധം ശക്തമാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതം വിതച്ചാണ് ഇ അടിപ്പാത നിർമാണവും നടക്കുന്നത്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടത്തിലെ അടിപ്പാത ഭാവിയിൽ ഇവിടെ യാത്രാദുരിതം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കും രണ്ട് പ്രധാന കവാടങ്ങളുള്ളപ്പോൾ ആലപ്പുഴക്ക് ഒന്നു മാത്രമാണുള്ളത്. ഇതുവഴിവേണം രോഗികള്‍ക്കും ആംബുലന്‍സിനും കെഎസ്ആര്‍ടിസി ബസിനും കൂടാതെ ആശുപത്രിയുടെ നിര്‍മാണ സാമഗ്രികളുമായെത്തുന്ന മറ്റ് വാഹനങ്ങള്‍ക്കും കയറി ഇറങ്ങേണ്ടത്. ആശുപത്രി ആവശ്യങ്ങള്‍ക്കായെത്തുന്ന ഗ്യാസ് കണ്ടയ്നറുകള്‍ വേറെയും. ഈ വാഹനങ്ങളെല്ലാം കയറിയിറങ്ങേണ്ട പ്രധാന കവാടത്തില്‍ അടിപ്പാത നിര്‍മിക്കുന്നത് 12 മീറ്റർ വീതിയിൽ മാത്രമാണ്.
രൂപരേഖയില്‍ ആദ്യം ഇവിടെ അടിപ്പാത ഉണ്ടായിരുന്നില്ല ദേശിയപാതക്കരുകിലെ ഏക മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ആലപ്പുഴ വണ്ടാനത്തേത് . നിർമാണമാരംഭിച്ചിരിക്കുന്ന 12 മീറ്ററിലുള്ള അടിപ്പാത അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. 30 മീറ്റർ വീതിയിലുള്ള അടിപ്പാത നിർമിച്ചാൽ മാത്രമേ മെഡിക്കൽ കോളേജ് ജങ്ങ്ഷനിലെ ദുരിതത്തിന് പരിഹാരമാകു. ഇപ്പോഴുള്ള രൂപ രേഖയിൽ ഫുട്പാത്ത്പോലുമില്ല. അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കുട്ടനാട്ടിലേക്ക് കടക്കുന്ന പ്രധാന ജങ്ങ്ഷനായ എസ്.എന്‍ കവലയിലും അടിപ്പാതയോ മറ്റ് സംവിധാനങ്ങളോ ഇല്ല.