TAGS

കൊല്ലം ഓയൂർ കേസിലെ പ്രതി പത്മകുമാറിന്‍റെ ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവിനെയും സഹോദരനെയും ഓട്ടോറിക്ഷയിൽ എത്തിയ സംഘം ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഇവരുടെ ഫോണിൽ വധഭീഷണി ലഭിച്ചിരുന്നു.

ചിറക്കര തെങ്ങുവിളയിലെ പത്മകുമാറിന്റെ ഫാം ഹൗസിന് സമീപമാണ് ഷീബയും കുടുംബവും താമസിക്കുന്നത്. ഫാമിലെ ജീവനക്കാരിയായ ഷീബയെ കഴിഞ്ഞദിവസം ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.

ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷീബയുടെ ഭർത്താവ് ഷാജി, സഹോദരൻ ഷിബു എന്നിവരെ ആക്രമിച്ചത്. ആളൊഴഞ്ഞ സ്ഥലത്ത് വച്ച് ഓട്ടോറിക്ഷയിലെത്തിയ നാലുപേർ മർദിച്ചെന്നാണ് പരാതി. പരുക്കേറ്റ ഇരുവരെയും പരവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് അടിയേറ്റ ഷിബുവിനെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് കാരണം വ്യക്തമല്ല. പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Attack on the family of Padmakumar's farm house employee