പത്തനംതിട്ട മഞ്ഞത്തോട് ആദിവാസി കോളനിയിൽ നിന്നു കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന വാഹനത്തിന്‍റെ കൂലി മുടങ്ങിയതോടെ വാഹനഉടമ ഓട്ടം നിർത്തി. ഇതോടെ ആദിവാസി കുടുംബത്തിലെ 16 കുട്ടികൾക്കാണ് ഇന്നലെ സ്‌കൂളിൽ പോകാൻ കഴിയാതിരുന്നത്. ആങ്ങമൂഴിയിലുള്ള സ്‌കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നത്. ഇന്നലെ വാഹനവും കാത്ത് 11 മണിവരെ റോഡിൽ ഇരുന്നെങ്കിലും എത്താഞ്ഞതിനെ തുടർന്ന് തിരികെ ഊരിലേക്കു മടങ്ങി.
ആങ്ങമൂഴി സ്വദേശിയുടെ വാഹനത്തിൻറെ 5 മാസത്തെ വാടകയായ ഒന്നര ലക്ഷം രൂപയോളം നൽകാനുണ്ട്. സ്‌കൂൾ അധികൃതരുമായിട്ടാണ് ടാക്‌സി കൂലി സംബന്ധിച്ച് കരാറെങ്കിലും പണം നൽകേണ്ടത് ട്രൈബൽ വകുപ്പിൽ നിന്നാണ്. ഓട്ടം സംബന്ധിച്ച എല്ലാ രേഖകളും ട്രൈബൽ വകുപ്പിന് കൈമാറിയെങ്കിലും നടപടികൾ നീളുകയാണ്. സർക്കാരിൻറെ വീട് കാത്ത് കഴിയുന്നവരാണ് മഞ്ഞത്തോട്ടിലെ ആദിവാസികൾ . വാഹനമില്ലെങ്കിൽ പഠനം മുടങ്ങും
കഴിഞ്ഞ ദിവസം മുതൽ ഓട്ടം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലായിരുന്നു. പരീക്ഷയായതിനാൽ സ്‌കൂൾ അധികൃതരുടെ അഭ്യർഥന മാനിച്ച് പിന്നെയും കുറെ ദിവസം ഓടിയെന്നും ഇനി ഓടാൻ ഒരു മാർഗവും ഇല്ലെന്നും വാഹന ഉടമ പറയുന്നു. ഗോത്ര സാരഥി ഫണ്ടിൽ നിന്നാണ് തുക നൽകേണ്ടത്. മുൻപും സമാന സംഭവം ഉണ്ടായിട്ടുണ്ട്.
Tribal dept yet to release money to taxi; 16 students missed classes