TOPICS COVERED

ഇടുക്കി വട്ടപ്പതാലിലെ വയോധികയുടെ ഒറ്റമുറിവീട്ടില്‍  വൈദ്യുതി കെ എസ് ഇ ബി പുനസ്ഥാപിച്ചു. തെറ്റായി വന്ന അര ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഒറ്റ മുറി വീട്ടിലെ വൈദ്യുതി  വിശ്ചേദിച്ചത്. അന്നമ്മയുടെ നിസഹായത മനോരമ ന്യൂസ്‌ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിഷയത്തിൽ വൈദ്യുതി മന്ത്രി ഇടപെട്ടിരുന്നു.

ഈ വെളിച്ചത്തിനൊപ്പം തെളിയുന്നത് അന്നമ്മയുടെ സന്തോഷം കൂടിയാണ്. ഒരിക്കൽ പോലും വൈദ്യുതി ബിൽ അടയ്ക്കാൻ മറക്കാത്ത അന്നമ്മയെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ മാസം 49710 രൂപയുടെ വൈദ്യുതി ബിൽ എത്തിയത്. പണം അടയ്ക്കാൻ മാർഗമില്ലെന്നും മീറ്ററിലെ ക്രമക്കേടാണ് ബില്ല് കൂടാൻ കരണമെന്നും പരാതിപ്പെട്ടിട്ടും അന്നമ്മയുടെ സങ്കടം കാണാൻ കെ. എസ്. ഇ. ബി കൂട്ടാക്കിയില്ല. പിന്നാലെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു. അന്നമ്മയുടെ ദുരിതം വാർത്തയായതോടെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഇടപെടൽ. പിന്നാലെയാണ് ഒറ്റ മുറി വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത് 

ബില്ലിലെ തുക തവണകളായി അടയ്ക്കണമെന്നാണ് കെ എസ് ഇ ബി യുടെ നിർദേശം. എന്നാൽ ഉപയോഗിക്കാത്ത വൈദ്യുതിയുടെ ബിൽ അടയ്ക്കാൻ സാധിക്കില്ലെന്ന് കാട്ടി അന്നമ്മ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പാരതിപ്പെട്ടിട്ടുണ്ട്. കെ എസ് ഇ ബി ജീവനക്കാർ മോശമായി പെരുമാറിയെന്ന അന്നമ്മയുടെ പരാതി അന്വേഷിച്ച് തൊടുപുഴ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മന്ത്രിക്ക് റിപ്പോർട്ട്‌ കൈമാറി