peringanand-school

TOPICS COVERED

ആറു വർഷമായിട്ടും പണിയെങ്ങും എത്താതെ പെരിങ്ങനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം. കരാറുകാരന്‍റെ വീഴ്ചയാണ് പണി എങ്ങുമെത്താതെ നില്‍ക്കുന്നിന്‍റെ പ്രധാന കാരണം. ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ തിങ്ങി ഇരുന്നാണ് പഠനം. 

2018 ലാണ് കിഫ്ബി വഴി പെരിങ്ങനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. മൂന്നു കോടി രൂപയാണ് മൂന്നുനില കെട്ടിടത്തിനായി അനുവദിച്ചത്. പഴയ കെട്ടിടവും ശുചിമുറിയും അടക്കം പൊളിച്ചു മാറ്റിയ ശേഷം പണി തുടങ്ങി. കോവിഡ് കാലത്ത് പണി മുടങ്ങി. പിന്നീട് കരാറുകാരനും ഉഴപ്പി. ഇതോടെ കരാറുകാരന്‍ കരിമ്പട്ടികയിലായി. 2021ൽ വീണ്ടും പണി തുടങ്ങി ഒന്നാം നിലയുടെ കോൺക്രീറ്റ് കഴിഞ്ഞതോടെ പണി നിലച്ചു. കരാറുകാരന് ബില്ല് മാറിക്കിട്ടാതെ ആയതും പണി മുടങ്ങാന്‍ കാരണമായി.

 

സ്ഥലപരിമിതി കാരണം കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകാൻ കഴിയുന്നില്ല. അധ്യാപകരും പിടിഎയും മന്ത്രിക്ക് അടക്കം പലവട്ടം പരാതി നൽകി. പിടിഎ ഭാരവാഹികളടക്കം കരാറുകാരനുമായി ചര്‍ച്ച നടത്തി വീണ്ടും പണി തുടങ്ങാന്‍ ധാരണ ആയിരുന്നു. പക്ഷെ കിഫ്ബി 30 ശതമാനം ബാങ്ക് ഗാരന്‍റി ആവശ്യപ്പെട്ടതോടെ കരാറുകാരന്‍ പിന്‍വാങ്ങിയ സ്ഥിതിയാണ്.