ഓണക്കാലത്ത് ഗ്രാമങ്ങളുടെ താളവും ആരവവുമായി കരടികളി മല്‍സരം. കൊല്ലത്ത് വിവിധയിടങ്ങളില്‍ കരടികളി മല്‍സരം ഓണക്കാഴ്ചയാണ്. പെരുമ്പറയുടെ മുഴക്കത്തില്‍ വളച്ചുകെട്ടിയ തറയിലാണ് കരടികള്‍ ആടിത്തിമിർക്കുന്നത്. ഈർക്കിൽ കളഞ്ഞ ഓലത്താർ ചുറ്റി പാലമരത്തിന്റെ തടിയിൽ തീർത്ത തലയും ചേർത്ത വേഷമണിഞ്ഞുളള കരടികള്‍.
പാളത്തൊപ്പി ധരിച്ച് ദേഹമാസകലം കരിപൂശിയെത്തിയ വേടനും, കരടിയും തമ്മിലുള്ള കഥപറച്ചിലാണ് കരടികളി. പഴമ ചോരാത്ത പാട്ടിനൊപ്പം ഗഞ്ചിറയും ഇലത്താളവും കൈത്താളത്തിനൊപ്പം കൊട്ടിക്കയറും. കരടികളിയുടെ മുറുക്കം കാഴ്ചക്കാരെയും ആവേശത്തിലാക്കും. ഓരോ വീടുകളിലും കയറിയിറങ്ങി കരടി വേഷക്കാർ കരടിപ്പാട്ടിനൊപ്പം ചാടി കളിക്കുന്ന രീതിയുമുണ്ട്. കോവൂരില്‍ കേരള ലൈബ്രററിയാണ് കരടികളി മല്‍സരം സംഘടിപ്പിച്ചത്.