എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ കൊല്ലം ശാസ്താംകോട്ട ശ്രീധർമശാസ്താക്ഷേത്രത്തിലെ വാനരന്മാരും സദ്യയുണ്ടാണ് ഓണത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ നാൽപതു വർഷമായി വാനരന്മാർക്ക് തിരുവോണത്തിന് ഉൾപ്പെടെ ക്ഷേത്രത്തിൽ സദ്യ ഒരുക്കാറുണ്ട്.
സദ്യ ഉണ്ണുന്നതിലെ അച്ചടക്കമൊന്നും വാനരന്മാർക്ക് ഇല്ലെങ്കിലും ഓണാഘോഷം ഇവരുടേതും കൂടിയാണ്.വാനരഭോജനശാലയിൽ തൂശനിലയിൽ പച്ചടിയും കിച്ചടിയും തോരനും, അവിയലും വിളമ്പി തുടങ്ങുമ്പോൾ തന്നെ വാനരന്മാർ ഓടിച്ചാടി എത്തി.
വാനര സംഘത്തിലെ മൂപ്പനായ കൊച്ചു സായിപ്പാണ് ആദ്യം രുചിച്ചു നോക്കിയത്. ചോറും പരിപ്പും പപ്പടവും പായസവുമൊക്കെ കുശാലായി കഴിച്ചു. ശാസ്താംകോട്ട ശ്രീധർമശാസ്താക്ഷേത്രത്തിൽ കഴിഞ്ഞ നാൽപതു വർഷമായി വാനരന്മാർക്ക് ഉത്രാടത്തിനും തിരുവോണത്തിനും സദ്യ നൽകാറുണ്ട്.
തൂശനിലയില്‍ ശാസ്താവിന്റെ ഇഷ്ട തോഴര്‍ക്ക് സദ്യ വിളമ്പാനും വാനരസദ്യ കാണാനും നൂറുകണക്കിന് പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്.