കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ വന്‍ കൃഷിനാശം. പച്ചക്കറി, കപ്പ, വാഴ തുടങ്ങിയ കൃഷികളാണ് തോട്ടങ്ങളില്‍ വെള്ളം കയറി നശിച്ചത്. തടസ്സപ്പെട്ടുകിടക്കുന്ന എക്കല്‍ മാറ്റി നീരൊഴുക്ക് സുഗമമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലയോര മേഖലകളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ആറുകളില്‍ വെള്ളം പൊങ്ങിയത്. ആറ്റുതീരങ്ങളിലെ തോട്ടങ്ങളിലേക്കും വെള്ളം ഇരച്ചുകയറുകയായിരുന്നു. ഓണവിപണി ലക്ഷ്യമാക്കി കൃഷി തുടങ്ങിയ കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. വെള്ളം കയറി നശിച്ചുതുടങ്ങുന്നതിന് മുന്‍പേ വിളവെടുത്തെങ്കിലും വിളകള്‍ക്ക് പാകമാകാത്തതിനാല്‍ വില ലഭിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
തലവടി, മുട്ടാര്‍, വീയപുരം മേഖലകളിലായി നിരവധി കൃഷിയിടങ്ങളാണ് വെള്ളം കയറി നശിച്ചത്. മണലും എക്കലും ചെളിയുമടിഞ്ഞ് നദികളുടെ സംഭരണശേഷി കുറഞ്ഞെന്നും നീരൊഴുക്ക് മാറ്റി വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കിയില്ലെങ്കില്‍ പ്രളയത്തിലേക്കാകും ചെന്നെത്തുകയെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.