പാടശേഖരത്തിലേക്ക് വെള്ളമൊഴുകുന്ന ചാലുകൾ റോഡു നിർമാണത്തിനിടെ അടച്ചതോടെ കൃഷി ചെയ്യാൻ കഴിയാതെ ആലപ്പുഴ പുറക്കാട്ടെ കർഷകർ. കരുമാടിക്കുട്ടൻ സ്മൃതി മണ്ഡപം മുതൽ കരുവാറ്റ കന്നുകാലിപ്പാലം വരെ നടക്കുന്ന റോഡു നിർമാണത്തിനിടെയാണ് പുറക്കാട് ഗ്രേസിംഗ് ബ്ലോക്ക് പാടശേഖരത്തിന്‍റെ ചാലുകൾ അടച്ചത്. 300 മീറ്ററോളം നീളത്തിലാണ് ചാലുകൾ അടച്ചത്.
290 ഏക്കറുള്ള പാടശേഖരത്തിലെ 11 ഏക്കർ നെൽകൃഷിയാണ് പ്രതിസന്ധിയിലായത്. ഏതാനും മാസം മുൻപ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത റോഡു നിർമാണം നിർമാണം പുരോഗമിക്കുകയാണ്. റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള 300 മീറ്ററോളം ചാലുകൾ അടച്ചതോടെ മാസങ്ങൾക്കു മുൻപ് നടക്കേണ്ട രണ്ടാം കൃഷി നടന്നില്ല. റോഡു നിർമാണത്തിനായി സൗജന്യമായി ഇവിടെ കർഷകർ 2 ഏക്കറോളം സ്ഥലം വിട്ടു നൽകിയിരുന്നു.എന്നിട്ടും തങ്ങൾക്ക് കൃഷി ചെയ്യാൻ സാഹചര്യമൊരുക്കിയില്ലെന്നാണ് പാടശേഖര സമിതി ഭാരവാഹികളുടെ പരാതി.
പാടശേഖരത്തിൽ നടീൽ നടക്കേണ്ട സമയമാണ്. ചാലുകൾ അടഞ്ഞതോടെ വെള്ളം കയറ്റിയിറക്കാൻ കഴിയാതെ വന്നു. കൃഷി നിലച്ചതോടെ കർഷകരുടെ വരുമാന മാർഗവും അടഞ്ഞു . ഒരേക്കറിന് 30 ക്വിൻ്റൽ വരെ വിളവും ലഭിച്ചപാടമാണിത്. പാടശേഖരത്തിൻ്റെ നടുക്ക് സ്ഥിതി ചെയ്യുന്ന വൈദ്യുത തൂണുകളും സ്ഥാപിക്കാത്തതും പ്രതിസന്ധിയാണ് . ഊരാളുങ്കൽ സൊസൈറ്റിക്കാണ് റോഡു നിർമാണക്കരാർ നൽകിയിരിക്കുന്നത്. ചാലുകൾ പൂർവ സ്ഥിതിയിലാക്കാൻ കരാർ കമ്പനിക്ക് അധികൃതർ നിർദേശം നൽകണമെന്നാണ് കർഷകരുടെ ആവശ്യം