coirudfstrike

TOPICS COVERED

കയർ മേഖല കരകയാറാനാവാത്തവിധം  പ്രതിസന്ധിയിലായിട്ടും തിരിഞ്ഞ് നോക്കാതെ വ്യവസായ വകുപ്പും സർക്കാരും. കയർ കോർപ്പറേഷനും കയർഫെഡും കയർ സംഘങ്ങൾക്ക് നൽകാനുള്ളത് 60 കോടിയോളം രൂപയാണ്.ഓണക്കാലം അടുത്തെത്തിയിട്ടും കയര്‍ കോര്‍പ്പറേഷനിലും കയര്‍ഫെഡിലും കെട്ടിക്കിടക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആവശ്യമായ നടപടികളുമില്ല. 

 

ഒരു കാലത്ത് ആലപ്പുഴ അടക്കമുള്ള തീരദേശ  ജില്ലകളുടെ പ്രതാപത്തിന്‍റെ  പ്രതീകമായിരുന്നു  കയര്‍മേഖലയും ചെറുതും വലുതുമായ കയര്‍ഫാക്ടറികളും. പ്രതിസന്ധിയുടെ കാലമാണിപ്പോള്‍. ഇടെപെടേണ്ട സര്‍ക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളും തിരിഞ്ഞുനോക്കുന്നില്ല. തൊഴിലാളികളുടെ കുടുംബങ്ങള്‍  ദാരിദ്ര്യത്തിലും കടക്കെണിയിലും. കയര്‍മേഖലയിലെ പണിയെടുത്തിരുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ഇപ്പോള്‍ തൊഴിലുറപ്പിന് പോയി ഉപജീവനം നടത്തുന്നു.ഉൽപ്പന്നങ്ങൾ നൽകിയതിന്  കയർ കോർപ്പറേഷനും കയർഫെഡും കയർ സംഘങ്ങൾക്ക് നൽകാൻ ഉള്ളത് 60 കോടിയോളം രൂപയാണ്.  കയർ തൊഴിലാളികളുടെ കൂലിയിൽ വര്‍ഷങ്ങളായി  വർദ്ധനവ് ഉണ്ടായിട്ടില്ല. 

കയർ കോർപ്പറേഷനിലും കയർഫെഡിലും കെട്ടിക്കിടക്കുന്ന കയറും കയർ ഉൽപ്പന്നങ്ങളും വിറ്റഴിക്കാനും നടപടിയായിട്ടില്ല.  ഇടവേളയ്ക്ക് ശേഷം വീണ്ടും കയർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് .   കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും, കയർ ലേബർ യൂണിറ്റിന്റെയും,മാറ്റ്സ് & മാറ്റിങ്ങ് സംഘങ്ങളുടെയും നേതൃത്വത്തിൽ ചേർത്തലയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടന്നു.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കയർ ‍മന്ത്രി ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനo ഭരണപക്ഷ തൊഴിലാളി സംഘടനകളിൽ നിന്ന് തന്നെ ഉയരുന്നു.  വ്യവസായ വകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കിൽ കയർ തൊഴിലാളികളും സംഘങ്ങളും അനുഭവിക്കുന്ന ദുരിതം  കൂടുതല്‍ രൂക്ഷമാകും .

Alappuzha rope sector is in crisis: