അമ്പലപ്പുഴ കഞ്ഞിപ്പാടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാടശേഖരത്തിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസം. നിരവധി തവണ പരാതി അറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ. പൈപ്പ് പൊട്ടിയതിനാൽ മലിനജലമാണ് വീടുകളിൽ ലഭിക്കുന്നത്.
അമ്പലപ്പുഴ കഞ്ഞിപ്പാടം എസ്.എൻ.കവല റോഡിൽ കൊപ്പാറക്കടവിന് കിഴക്കാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്നത് ഈ പൈപ്പ് ലൈനിലൂടെയാണ്. പൈപ്പ് പൊട്ടിയതിനാൽ മലിന ജലമാണ് പല വീടുകളിലും ലഭിക്കുന്നത്. ഇൻ്റർ ലോക്ക് കട്ടകൾ പാകിയ നടപ്പാതയിലെ പൈപ്പാണ് പൊട്ടിയത്. വെള്ളം സമീപത്തെ കാട്ടുകോണം പാടത്തേക്കാണ് ഒഴുകിയെത്തുന്നത്.
കുടിവെള്ളം ഒരു മാസത്തോളമായി പാഴായിട്ടും ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല. ജല അതോറിറ്റി, പഞ്ചായത്ത് എന്നിവർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ല. ഇനി ആരോട് പരാതി പറഞ്ഞാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.